ചതിക്കുഴികള്‍ ഉണ്ട്, തിരിച്ചറിയണം, ഒരു കാര്യം തെറ്റെന്ന് അറിയിച്ചാലും പിന്‍വലിക്കപ്പെടുന്നില്ല: മുഖ്യമന്ത്രി


തിരുവനന്തപുരം: വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും ഓണ്‍ലൈനിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കുന്നതിനുള്ള 'കൂട്ട് 2022' മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. റോബോര്‍ട്ട് പ്രവര്‍ത്തിപ്പിച്ച് ആയിരുന്നു ഉദ്ഘാടനം. കുട്ടികള്‍ക്ക് നേരേയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കൂട്ട് പദ്ധതി നടപ്പിലാക്കുന്നത്. അപക്വമായ ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്‍റെ ഇരകളില്‍ ഭൂരിപക്ഷവും കൗമാരക്കാരായ കുട്ടികളായതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ അവബോധം സൃഷ്ടിച്ചെടുക്കാനാണ് കൂട്ട് പദ്ധതി ലക്ഷ്യമിടുന്നത്.

ഓണ്‍ലൈന്‍ ചതിക്കുഴികളില്‍ വീഴുന്നവരില്‍ കുട്ടികളും ഉണ്ടെന്നത് അതീവ പ്രാധാന്യം ഉള്ള വിഷയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൈബര്‍ സുരക്ഷ പ്രധാനമാണ്. ഇക്കാര്യത്തില്‍ കേരള പൊലീസ് നടത്തുന്നത് മാതൃകാപരമായ ഇടപെടല്‍ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമ്പൂര്‍ണ സാക്ഷരത യജ്ഞം പോലെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടാനുളള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനുള്ള സമയമായി. ഓണ്‍ലൈന്‍ സമ്പ്രദായം ഒഴിവാക്കി ഇനി മുന്നോട്ട് പോകാനാവില്ല. എന്നാല്‍ ചതിക്കുഴികള്‍ ഉണ്ട്. ഇത് തിരിച്ചറിയണം. സൈബറിടങ്ങളെ കുറിച്ച് കുട്ടികളെയാണ് ഏറ്റവും കൂടുതല്‍ ബോധവത്കരിക്കേണ്ടത്.

തെറ്റായ കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താല്‍ അത് പൂര്‍ണമായി പിന്‍വലിക്കാത്ത അവസ്ഥ നിലവിലുണ്ട്. ഒരു കാര്യം തെറ്റെന്ന് അറിയിച്ചാലും പൂര്‍ണമായി പിന്‍വലിക്കപ്പെടുന്നില്ല. ഫെയ്‌സ്ബുക്ക് പോലുള്ള സ്ഥാപനങ്ങളുടെ അധികൃതര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Previous Post Next Post