'ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചത്'; പിടി ഉഷയെ പരിഹസിച്ച് എളമരം കരീം


കോഴിക്കോട്: പിടി ഉഷയുടെ രാജ്യസഭാ നാമനിർദേശത്തെ പരിഹസിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം. അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതല്‍വാദ്, മുൻ ഡിജിപി ആർബി ശ്രീകുമാർ എന്നിവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ടൗൺഹാളിൽ ഭരണഘടനാ സംരക്ഷണസമിതി നടത്തിയ പ്രതിഷേധ സദസ്സിലാണ് എളമരം കരീമിന്റെ പരാമർശം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു വ്യാജ വിവരങ്ങൾ കോടതിയിലും പ്രത്യേക അന്വേഷണ സംഘത്തലവനു മുന്നിലും നൽകിയെന്നാരോപിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർ.ബി.ശ്രീകുമാർ, ടീസ്‌റ്റ സെതൽവാദ് എന്നിവർക്കെതിരെ അഹമ്മദാബാദ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എളമരം കരീം. പിടി ഉഷയുടെ പേര് പരാമർശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.


''ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കുപുറമേയുള്ള യോഗ്യതയാണു തെളിയിച്ചത്''- കരീമിന്റെ വാക്കുകൾ.
അയോധ്യ കേസിൽ വിധി പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിച്ചതിനു പിന്നാലെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെക്കുറിച്ച് പറഞ്ഞതിനുപിന്നാലെയായിരുന്നു എളമരം കരീം പിടി ഉഷയെ കുറിച്ച് പറഞ്ഞത്.

പിടി ഉഷയുടെ രാജ്യസഭാ നാമനിർദേശത്തിൽ പൊതുവേ തണുത്ത പ്രതികരണമാണ് കേരളത്തിൽ നിന്നുണ്ടായത്. . മുഖ്യമന്ത്രിയുടെ ട്വീറ്റ് മാത്രമാണ് സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായത്. സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടുകളിലൊന്നും പിടി ഉഷയെ കുറിച്ച് യാതൊരു പ്രതികരണവുമുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവമസാണ് ഉഷയ്ക്ക് പുറമേ, സംഗീതജ്ഞൻ ഇളയരാജ, ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരൻ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്.

നാമനിർദേശം ചെയ്തതിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് പിടി ഉഷ ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തിരുന്നു. എംപിയായി നാമനിർദേശം നൽകിയതിൽ സന്തോഷമുണ്ടെന്നും ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നുമായിരുന്നു ഉഷയുടെ പ്രതികരണം.
Previous Post Next Post