കോട്ടയം: കനത്ത മഴയില്‍ റെയില്‍വെ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്നു കോട്ടയം എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനു സമീപമാണ് റെയില്‍വെ ട്രാക്കിലേയ്ക്കു മരം വീണത്. അരമണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മരം വെട്ടി മാറ്റിയ ശേഷം ട്രെയിനുകള്‍ കടത്തി വിട്ടു.
പാലരുവി എക്സ്പ്രസ് വൈക്കത്തിനു സമീപം പിടിച്ചിട്ടു. കോട്ടയം - എറണാകുളം റൂട്ടില്‍ ഇതോടെ ട്രെയിന്‍ ഗതാഗതം മുടങ്ങിയെങ്കിലും ഇപ്പോള്‍ ട്രെയിനുകള്‍ കടത്തിവിട്ടു തുടങ്ങിയിട്ടുണ്ട്. രാവിലെ 7.50 ഓടെ പാലരുവി എക്സ്പ്രസ് കടന്നു പോകുമ്പോഴാണ് മരക്കമ്പ് ട്രാക്കിലേക്ക് വീണത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരുടെ നേതൃത്വത്തില്‍ മരക്കമ്പ് വെട്ടിമാറ്റിയതിനാലാണ് ഏറെ നേരം ഗതാഗതം തടസം ഉണ്ടാകാതിരുന്നത്. വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനും, പിറവം റോഡിനും ഇടയിലാണ് കനത്ത കാറ്റിനും മഴക്കും പിന്നാലെ റെയില്‍വേ ട്രാക്കിലേയ്ക്കു മരം വീണത്.
പാലരുവി എക്‌സ്പ്രസിന് മാത്രം ഇത് മൂലം രാവിലെ ഇരുപത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. പാലരുവി എക്സ്പ്രസ് വൈക്കം റോഡ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട് കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് മരം ട്രാക്കിലേക്ക് വീണത് ലോക്കോ പൈലറ്റ് കണ്ടത്. ഉടന്‍ തീവണ്ടി നിര്‍ത്തുകയായിരുന്നു. ട്രെയിനുകള്‍ കടന്നു പോകുന്നതിനു മുമ്പ് റെയില്‍വെ ട്രാക്കില്‍ മരക്കമ്പുകള്‍ വീണതിനാല്‍ വലിയ അപകടങ്ങള്‍ ഒഴിവാകുകയായിരുന്നു. പിന്നാലെ എത്തിയ വേണാട് എക്‌സ്പ്രസ് അടക്കമുള്ള തീവണ്ടികള്‍ സമയക്രമം പാലിച്ച് തന്നെ ഇതേ പാതയിലൂടെ യാത്ര തുടര്‍ന്നു.
അതേസമയം, അറബിക്കടലില്‍ പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിനാല്‍ സംസ്ഥാനത്ത് നാല് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കേരള- ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ജൂലൈ ഒമ്പതുവരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ മേഖലയില്‍ ജൂലൈ ഒമ്പതുവരെ മത്സ്യബന്ധനം നിരോധിച്ചു.