കോട്ടയം: കോട്ടയം അതിരമ്പുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. അതിരമ്പുഴ പഞ്ചായത്തിലെ ആനമല ഭാഗത്ത് താമസക്കാരനായ തോരണം വെച്ചതിൽ ജോർജ് (സണ്ണി 57 ) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭാര്യ മിനിയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന ജോർജ് കൊട്ടാരക്കര സ്വദേശിയാണ്. പരിക്കേറ്റ മിനി മണർകാടുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംശയ രോഗത്തെ തുടർന്നാണ് ജോർജ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം.