മൃതദേഹത്തിനരികെ 'നാല് സെറ്റ്' ആത്മഹത്യാ കുറിപ്പുകള്‍; വ്‌ളോഗര്‍ മരിച്ച നിലയില്‍


ആലുവ: വ്‌ളോഗറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബുട്ടീക് ഉടമ കൂടിയായ കാക്കനാട് കിഴക്കേക്കര വീട്ടില്‍ അബ്ദുല്‍ ഷുക്കൂര്‍ (49) ആണ് സബ് ജയില്‍ റോഡിലെ ടൂറിസ്റ്റ് ഹോമില്‍ ബുധനാഴ്ച രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്പുമുക്ക് സ്വദേശിയായ ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെ കുറിച്ച് എഴുതിയ നാല് സെറ്റ് ആത്മഹത്യാ കുറിപ്പുകള്‍ മൃതദേഹത്തിന് സമീപം പോലീസ് കണ്ടെടുത്തു.

ഇദ്ദേഹം 'ഞാന്‍ ഒരു കാക്കനാടന്‍' എന്ന പേരില്‍ യൂട്യൂബ് പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് ഷുക്കൂര്‍ ഇവിടെ മുറിയെടുത്തത്. ചെമ്പുമുക്ക് സ്വദേശിയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് അഞ്ച് ലക്ഷം രൂപ കടം വാങ്ങിയെന്നും അതിന് പ്രതിമാസം 25000 രൂപ വീതം ഇതുവരെ 15 ലക്ഷം രൂപ പലിശ നല്‍കിയെന്നും കുറിപ്പില്‍ പറയുന്നു. എന്നിട്ടും പലിശക്കാരന്‍ തന്നെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് ആത്മഹത്യ കുറിപ്പില്‍ ആരോപിച്ചു.

കലക്ടറും പോലീസ് കമ്മിഷണറും ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥര്‍ക്കാണ് ആത്മഹത്യ കുറിപ്പ് തയ്യാറാക്കി വച്ചത്. വീടിന്റെ മുകളിലെ നിലയിലായിരുന്നു ഷുക്കൂറിന്റെ ബുട്ടീക്. കബറടക്കം നടത്തി. ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന പലിശക്കാരനെ നിലവില്‍ കേസില്‍ പ്രതി ആക്കിയിട്ടില്ല. ഇന്‍സ്‌പെക്ടര്‍ എല്‍ അനില്‍കുമാറാണ് കേസ് അന്വേഷിക്കുന്നത്. ഭാര്യ: റഷീദ, മകന്‍: ഫഹദ്.
Previous Post Next Post