പത്തനംതിട്ട: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സ്വകാര്യ ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയതായി പരാതി. പത്തനംതിട്ട ആങ്ങാമൂഴിയിലാണ് സംഭവം. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട - ആങ്ങമൂഴി റൂട്ടിലോടുന്ന ബസിലെ ഡ്രൈവറായ റാന്നി സ്വദേശിയാണ് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതിയില്‍ പറയുന്നത്. പെണ്‍കുട്ടി സ്ഥിരമായി സ്കൂളിലേക്ക് പോകുന്ന ബസിലെ ഡ്രൈവർക്കെതിരെയാണ് പരാതി. ഇന്ന് രാവിലെയും ഈ ബസിലാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് പോയത്. എന്നാൽ പെൺകുട്ടി സ്‌കൂളിലെത്തിയില്ലെന്ന് അധ്യാപകര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് വീട്ടുകാർ ബസ് ഡ്രൈവർക്കെതിരെ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബസ് ഡ്രൈവറും പെൺകുട്ടിയുമുള്ള സ്ഥലം കണ്ടെത്തിയതായാണ് സൂചന. നേരത്തെ പെണ്‍കുട്ടിയും ഡ്രൈവറും തമ്മില്‍ പരിചയമുണ്ടെന്നാണ് പ്രദേശവാസികൾ പൊലീസിന് നൽകിയ മൊഴി. ഇതേ ബസിലെ സ്ഥിരം യാത്രക്കാരിൽനിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അന്വേഷണത്തിന്‍റെ ഭാഗമായി ബസ് ഡ്രൈവറുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ ഇന്ന് ബസിൽ ഡ്രൈവറായി ജോലി ചെയ്തത് ഇയാളല്ലെന്ന് ബസ് ജീവനക്കാരും ഉടമയും പൊലീസിന് മൊഴി നൽകിയതായി സൂചനയുണ്ട്.