അട്ടപ്പാടി: അട്ടപ്പാടിയിൽ പത്തംഗ സംഘത്തിൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇയാളുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നന്ദകിഷോർ നേരത്തെ മരിച്ചിരുന്നു.
തോക്കിടപാടിന് പണം വാങ്ങി കബളിപ്പിച്ചുവെന്നാരോപിച്ചാണ് കണ്ണൂർ സ്വദേശി വിനായകനെയും സുഹൃത്ത് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെയും പത്തംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. നന്ദകിഷോർ സംഭവം നടന്ന ജൂൺ 30 ന് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ വിനായകനെ ആദ്യം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലും, പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സ തുടരുന്നതിനിടെ ഇന്ന് രാവിലെയാണ് വിനായകൻ മരിച്ചത്.
ആന്തരിക അവയങ്ങൾക്ക് ക്ഷതമേറ്റതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് വിനായകൻ വിപിൻ പ്രസാദ് എന്നയാളിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിന് ഇടനിലയായി നിന്നത് നന്ദകിഷോറാണ്. ഒരു മാസമായിട്ടും തോക്ക് കിട്ടാതെ വന്നതോടെ വിനായകനെയും നന്ദകിഷോറിനെയും നരസിമുക്കിലെ സ്വകാര്യ തോട്ടത്തിലേക്ക് വിളിച്ചു വരുത്തി പ്രതികൾ ഭീകരമായി മർദ്ദിയ്ക്കുകയായിരുന്നു. കേസിൽ പ്രതികളായ പത്ത് പേരും റിമാന്റിലാണ്.
അട്ടപ്പാടി താവളം സ്വദേശി അനന്തു, കണ്ടിയൂർ സ്വദേശി ജോമോൻ, ജെല്ലിപ്പാറ സ്വദേശി അഖിൽ, ദോണിഗുണ്ട് സ്വദേശി രാഹുൽ അഗളി സ്വദേശികളായ വിപിൻ പ്രസാദ്, , മാരി, രാജീവ്, അഷറഫ്, സുനിൽ, ചെർപ്പുളശ്ശേരി സ്വദേശി നാഫി എന്നിവരാണ് അറസ്റ്റിലായത്.
നന്ദകിഷോറിൻ്റെ സുഹൃത്ത് വിനായകൻ ലൈസൻസുള്ള തോക്ക് നൽകാമെന്ന് പറഞ്ഞ് വിപിൻ പ്രസാദിൽ നിന്നും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. തോക്ക് കിട്ടാതെ വന്നതോടെ വിപിൻ പ്രസാദും സുഹൃത്തുക്കളും ജൂൺ 28 മുതൽ വിനായകനെ നരസിമുക്കിലെ തോട്ടത്തിലെത്തിച്ച് മർദ്ദിച്ചു. പിന്നീട് നന്ദകിഷോറിനെയും ഇവിടെയെത്തിച്ച് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.