മുസ്ലീം വ്യക്തിനിയമപ്രകാരം പ്രായപൂർത്തിയായാലും പോക്സോ കേസ് ഒഴിവാക്കാനാകില്ല: ഡൽഹി ഹൈക്കോടതി

 


ന്യൂഡൽഹി: മുസ്ലീം വ്യക്തി നിയമപ്രകാരം പ്രായപൂർത്തിയായി എന്നത് പോക്സോ കേസ് ഒഴിവാക്കാനുള്ള കാരണം അല്ലെന്ന് ഡൽഹി ഹൈക്കോടതി. പതിനാറുകാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് പോക്സോ കേസ് ചുമത്തപ്പെട്ട മുസ്ലീം യുവാവിന്റെ വാദം തള്ളിയാണ് കോടതി ഉത്തരവിട്ടത്. പ്രത്യുത്പാദന ശേഷി കൈവരിച്ചു കഴിഞ്ഞാൽ മുസ്ലീം വ്യക്തി നിയമ പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയാകുമെന്നും അതിനാൽ തനിക്കെതിരെ പോക്സോ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു യാവാവിന്റെ വാദം.

ഡൽഹി രഞ്ജിത് നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കോടതിയെ സമീപിച്ചത്. എന്നാൽ, കുട്ടികളോടുള്ള ലൈംഗിക അതിക്രമം തടയുന്നതിനാണ് പോക്സോ നിയമം. അതിന് ആചാരങ്ങളുമായി ബന്ധമില്ല. പോക്സോ നിയമം മതവുമായി ബന്ധപ്പെട്ടതല്ലെന്നും പ്രായവുമായി ബന്ധപ്പെട്ടതാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിച്ചു.

വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നു പറഞ്ഞ് പ്രതി പെൺകുട്ടിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. കൂടാതെ പെൺകുട്ടിയുടെ കുടുംബത്തിൽ നിന്നും പത്ത് ലക്ഷത്തോളം മൂല്യം വരുന്ന സമ്മാനങ്ങളും സ്വീകരിച്ചു. പെൺകുട്ടി പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയായ ശേഷം മാത്രമേ വിവാഹം നടത്തി തരൂ എന്ന് കുടുംബം വ്യക്തമാക്കി. ഇതിനിടെ പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിലേർപ്പെട്ട പ്രതി വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്തു.

അടുത്തയിടെ പതിനാറ് വയസുള്ള മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നു വ്യക്തമാക്കി പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 21 വയസുള്ള യുവാവും 16 വയസുള്ള പെൺകുട്ടിയും കുടുംബാംഗങ്ങളിൽ നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി.

ശരീഅത്ത് നിയമ പ്രകാരം ഋതുമതിയാകുന്നതും പ്രായപൂർത്തിയാകുന്നതും ഒന്നാണെന്നും 15 വയസിൽ ഒരാൾക്ക് പ്രായപൂർത്തിയാകുമെന്ന് അനുമാനം ഉണ്ടെന്നും ഹർജിക്കാർ വാദിച്ചു.

"മുസ്ലീം പെൺകുട്ടികളുടെ വിവാഹ പ്രായം നിർണയിക്കുന്നത് മുസ്ലീം വ്യക്തി നിയമമാണ്. സർ ദിൻഷാ ഫർദുൻജി മുല്ലയുടെ 'പ്രിൻസിപ്പിൾസ് ഓഫ് മുഹമ്മദൻ ലോ' എന്ന പുസ്തകത്തിലെ ആർട്ടിക്കിൾ 195 പ്രകാരം, 16 വയസിനു മുകളിലുള്ള പെൺകുട്ടിക്ക് അവർക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാം. ഹർജിക്കാരന് 21 വയസിനു മുകളിൽ പ്രായമുണ്ടെന്ന് വ്യക്തമാണ്. അതിനാൽത്തന്നെ പരാതിക്കാരായ രണ്ടു പേർക്കും ഒന്നിച്ചു ജീവിക്കാനുള്ള പ്രായപൂർത്തിയായിട്ടുണ്ട്." എന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വിധിച്ചത്.

Previous Post Next Post