മൂന്നുവയസുകാരിയെ ജീവനോടെ സെമിത്തേരിയില്‍ കുഴിച്ചിട്ടു, രക്ഷകരായെത്തിയത് വിറക് പെറുക്കാനെത്തിയവര്‍


പട്‌ന: മൂന്നുവയസുകാരിയെ ജീവനോടെ സെമിത്തേരിയില്‍ കുഴിച്ചിട്ട് അമ്മയും മുത്തശ്ശിയും. ബിഹാറിലെ ശരണ്‍ ജില്ലയിലെ കോപാ മര്‍ഹ നദിക്കരയിലെ സെമിത്തേരിയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. വിറക് പെറുക്കാന്‍ സെമിത്തേരിയില്‍ എത്തിയ സ്ത്രീകളാണ് കുഞ്ഞിന് രക്ഷകരായത്. സെമിത്തേരിയിലെ മണ്ണ് പെട്ടെന്ന് അനങ്ങുന്നത് ശ്രദ്ധയില്‍പെട്ട സ്ത്രീകള്‍ മണ്ണ് നീക്കം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കുഴിയില്‍ കുട്ടിയുടെ അനക്കം ശ്രദ്ധയില്‍പെട്ട സ്ത്രീകള്‍ അറിയിച്ചതിനെ തുടര്‍ന്ന് താമസിയാതെ ഒരു വലിയ കൂട്ടം ഗ്രാമവാസികള്‍ ശ്മശാനത്തില്‍ ഒത്തുകൂടി. ആരെയോ ജീവനോടെ കുഴിച്ചുമൂടിയതായി മനസ്സിലാക്കിയ അവര്‍ മണ്ണ് നീക്കം ചെയ്തു. വായില്‍ നിറയെ മണ്ണ് കുത്തിനിറച്ച ഒരു കുട്ടിയെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ അവര്‍ കണ്ടെത്തുകയായിരുന്നെന്ന് കോപാ പോലീസ് സ്‌റ്റേഷന്‍ ഓഫിസര്‍ പറഞ്ഞു.

ഉടന്‍ തന്നെ കുട്ടിയെ കോപായിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കി. തന്റെ പേര് ലാലി എന്നാണെന്നും മാതാപിതാക്കളുടെ പേര് രാജു ശര്‍മയെന്നും രേഖ ശര്‍മയെന്നുമാണെന്നും കുട്ടി പറഞ്ഞു. തന്റെ ഗ്രാമത്തെ കുറിച്ച് അറിയില്ലെന്നും കുട്ടി പറഞ്ഞു.

'എന്റെ അമ്മയും മുത്തശ്ശിയും ചേര്‍ന്നാണ് എന്നെ സെമിത്തേരിയില്‍ കുഴിച്ചിട്ടത്. കരഞ്ഞപ്പോള്‍ എന്റെ വായില്‍ മണ്ണിട്ട് നിറയ്ക്കുകയും അവിടെ കുഴിച്ചിടുകയും ചെയ്തതായി', ലാലി മെഡിക്കല്‍ ഓഫിസറോടും പോലീസിനോടും പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളെയും ഗ്രാമത്തെയും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
Previous Post Next Post