കണ്ണൂര്‍: ആരാധനാലയങ്ങള്‍ക്കു നേരെ അതിക്രമം നടത്തി കണ്ണൂര്‍ ജില്ലയില്‍ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരെ പോലീസ് അന്വേഷണം ശക്തമാക്കി. കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുള്ളില്‍ സാമൂഹ്യവിരുദ്ധര്‍ ചാണകം വിതറിയ സംഭവത്തിലാണ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കുറ്റക്കാരെ ഉടന്‍ പിടികൂടുമെന്ന് കണ്ണൂര്‍റെയ്ഞ്ച് ഡി. ഐ. ജി രാഹുല്‍ ആര്‍. നായര്‍ അറിയിച്ചു.
മൂന്നംഗസംഘമാണ് ചാണകം വിതറിയതെന്ന് പള്ളിയിലെ ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പള്ളിക്കമ്മറ്റി ജീവനക്കാരന്‍ ഭാരവാഹികളെ വിവരമറിയച്ചതിനെ തുടര്‍ന്ന് അവരാണ് പൊലിസില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ഡിഐജി രാഹുല്‍ ആര്‍ നായര്‍സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ തുടങ്ങി ഉന്നത പോലിസ് സ്ഥലത്തെത്തി. സിസിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.
സാമൂഹ്യവിരുദ്ധരാണ് അതിക്രമത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. കണ്ണൂര്‍ ടൌണ്‍ മുഹ്യദ്ദീന്‍ പള്ളിയില്‍ ചാണകം വിതറി മലീമസമാക്കാന്‍ ശ്രമിച്ച സാമൂഹ്യ വിരുദ്ധരെ അടിയന്തരമായും കണ്ടെത്തി നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടരി അബ്ദുറഹിമാന്‍ കല്ലായി, ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടരി അഡ്വ.അബ്ദുല്‍ കരീംചേലേരി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കണ്ണൂരിലെ മത-സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ നിക്ഷിപ്ത താല്പര്യമുള്ള സാമൂഹ്യ വിരുദ്ധര്‍ നടത്തിയ ചെയ്തിയാണോ ഇതെന്ന് സംശയിക്കേണ്ടതുണ്ട്. പകല്‍ സമയത്ത് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഹിനവും നിന്ദ്യവുമായ ഈ ചെയ്തിക്കെതിരെ നിയമ പാലകര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം.അതെ സമയം, സാമൂഹ്യ വിരുദ്ധരുടെ പ്രകോപനങ്ങളില്‍ കുടുങ്ങാതെ വിശ്വാസി സമൂഹം തികഞ്ഞ ആത്മസംയമനം പാലിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.