'സ്വപ്നയുടെ കള്ളത്തരങ്ങൾ വെളിവാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവിടും': ഷാജ് കിരൺ

 


കൊച്ചി: സർക്കാരിനെതിരായ ഗൂഢാലോചന കേസിൽ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് കോടതിയിൽ രഹസ്യമൊഴി (164) നൽകിയതെന്ന് ഷാജ് കിരൺ. ഇദ്ദേഹത്തിന്റെ മൊഴി കോടതി രേഖപ്പെടുത്തി. കോടതി നടപടി രണ്ടു മണിക്കൂർ 50 മിനിറ്റ് നീണ്ടുനിന്നു. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നൽകിയത്. സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജി തെറ്റിധരിപ്പിക്കുന്നതാണെന്നും സ്വപ്നയുടെ കള്ളത്തരങ്ങൾ വെളിവാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തു വിടുമെന്നും ഷാജ് കിരൺ പറഞ്ഞു.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഷാജ് കിരണിൽ നിന്നും രഹസ്യ മൊഴി രേഖപ്പെടുത്തി തുടങ്ങിയത്. നടപടികൾ വൈകിട്ട് 5.50 വരെ നീണ്ടു. കേസിൽ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം നേരത്തെ രഹസ്യമൊഴി നൽകിയിരുന്നു. സിപിഎം നേതാവും പാലക്കാട് നിയോജക മണ്ഡലത്തിൽ ഇടത് സ്ഥാനാർത്ഥിയുമായിരുന്ന സിപി പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക്  നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. സ്വപ്ന നേരത്തെ നൽകിയ മൊഴികൾക്ക് വിരുദ്ധമായ പ്രസ്താവനകൾ നടത്തി കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതിയിലെ  പ്രധാന ആരോപണം. കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സർക്കാറിനെതിരായ ഗൂഢാലോചന അന്വഷിക്കുന്ന  പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു.


Previous Post Next Post