'ലോകത്തിന് കാമഭ്രാന്ത്'; മീനങ്ങാടിയില്‍ 12കാരിയെ മാതൃസഹോദരന്‍ പീഡിപ്പിച്ച കേസില്‍ സുപ്രീംകോടതി




ന്യൂഡൽഹി: മീനങ്ങാടിയിൽ മാതാവിന്റെ സഹോദരൻ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന പോക്‌സോ കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി 'ലോകത്തിന് കാമഭ്രാന്താ'ണെന്ന് അഭിപ്രായപ്പെട്ടു. 

അമ്മയുടെ സഹോദരൻ 12 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് കേരള ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം കെട്ടിപ്പിടിക്കുകയും കവിളിലും ചുണ്ടിലും ഉമ്മവയ്ക്കുകയും ചെയ്തു. ഇതിന് ശേഷം വിവസ്ത്രയാക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തുവെന്നാണ് പരാതി. 

എന്നാൽ അമ്മാവന്റെ വാത്സല്യത്തോടെ ആണോ ഉമ്മവച്ചതും കെട്ടിപ്പിടിച്ചതും എന്ന കാര്യം അന്വേഷണത്തിലൂടെ തെളിയേണ്ടതാണെന്ന പരാമർശത്തോടെയാണ് പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഇത് ചോദ്യം ചെയ്താണ് കുട്ടിയുടെ അമ്മ സുപ്രീംകോടതിയെ സമീപിച്ചത്. 

ഇത് പരി​ഗണിക്കവെ ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്തയാണ് ലോകത്തിന് കാമഭ്രാന്താണെന്ന പരാമർശം നടത്തിയത്. ജയിൽ തടവുകാരനായ ഒരു പിതാവിൽ നിന്ന് മകൾക്ക് നേരെയുണ്ടായ ക്രൂരമായ പീഡനം സംബന്ധിച്ച് താൻ ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോൾ പരിഗണിച്ച ഒരു കേസിനെ കുറിച്ച് ജസ്റ്റിസ് ഗുപ്ത വിവരിച്ചു. ജാമ്യത്തിൽ ഇറങ്ങിയ അച്ഛൻ, വീട്ടിൽ എത്തി മകളെ ബലാത്സംഗം ചെയ്തു. അതും വിവസ്ത്രയായി. അമ്മയുടെ മുൻപിൽ വെച്ചായിരുന്നു പീഡനം. ചില കേസുകൾ വിശ്വസിക്കുന്നതിലും അപ്പുറമാണെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. 


أحدث أقدم