ദുർമന്ത്രവാദം 5 വയസുകാരിയെ മാതാപിതാക്കൾ തല്ലിക്കൊന്നു മൂന്ന് പേർ പിടിയിൽ

ദുഷ്ടശക്തികളെ തുരത്താൻ ‘ദുർമന്ത്രവാദം’ ചെയ്യുന്നതിനിടെ അഞ്ച് വയസുകാരിയെ മാതാപിതാക്കൾ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് സിദ്ധാർത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബൻസോദ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുട്യൂബറായ ചിംനെ കഴിഞ്ഞ മാസം ഗുരുപൂർണിമ ദിനത്തിൽ ഭാര്യക്കും 5 ഉം, 16 ഉം വയസ്സുള്ള പെൺമക്കളോടൊപ്പം തകൽഘട്ട് പ്രദേശത്തെ ഒരു ദർഗയിൽ പോയിരുന്നു. അന്നുമുതൽ ഇളയ മകളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ സംഭവിച്ചതായി സിദ്ധാർത്ഥിന് തോന്നി. മകൾ ദുഷ്ടശക്തികളുടെ സ്വാധീനത്തിലാണെന്ന് അയാൾ വിശ്വസിച്ചു. തുടർന്ന് ദുർമന്ത്രവാദം നടത്താൻ തീരുമാനിക്കുകയും ചെയ്തു.

ബോധരഹിതയായി നിലത്തു വീണ കുട്ടി മരിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ചെയോടെ പ്രതി കുട്ടിയെ ദർഗയിലേക്ക് കൊണ്ടുപോയി. പിന്നീട് ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടു. ആശുപത്രിയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരൻ സംശയം തോന്നി ഇവരുടെ കാറിന്റെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി.

പിന്നീട് ആശുപത്രിയിലെ ഡോക്ടർമാർ പെൺകുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. ഫോട്ടോയിൽ പതിഞ്ഞ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.


Previous Post Next Post