നേതാജിയുടെ ദുരൂഹമരണത്തിന് 77 വയസ്സ് പിന്നിട്ടു ചിതാഭസ്മം ഇപ്പോഴും ജപ്പാനിൽ തന്നെ !



കോട്ടയം : നിലവിൽ ഉള്ള രേഖകൾ  പ്രകാരം 1945 ഓഗസ്റ്റ് 8ന് നടന്ന ഒരു വിമാന അപകടത്തിലാണ് നേതാജി സുഭാഷ് ചന്ദ്രബോസ്  മരണമടഞ്ഞത്. എന്നാൽ അങ്ങനെയല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഏതായാലും ഇന്ത്യയുടെ ധീര സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളായ നേതാജിയുടെ ചിതാഭസ്മം ഇപ്പോഴും ജപ്പാനിലാണ്. ബോസിൻെറ മകളായ അനിതാ ബോസ് പിതാവിൻെറ ചിതാഭസ്മം ഇന്ത്യയിലെത്തിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ്. ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ ആളുകളുടെ സംശയം അവസാനിക്കുമെന്നും അവർ വ്യക്തമാക്കി
ഓസ്ട്രിയയിൽ ജനിച്ച സാമ്പത്തിക ശാസ്ത്രജ്ഞയായ അനിതാ ബോസ് നിലവിൽ ജർമ്മനിയിലാണ് കഴിയുന്നത്. നേതാജി ഫയൽസിൽ നിന്നുള്ള വിവരങ്ങൾ ലഭ്യമായിട്ടും പലരും ഇപ്പോഴും സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തിൽ മരിച്ചിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്. "ഷാ നവാസ് കമ്മിറ്റി, ജസ്റ്റിസ് ജി ഡി ഖോസ്ല കമ്മീഷൻ, ജസ്റ്റിസ് മുഖർജി അന്വേഷണ കമ്മീഷൻ എന്നിവയുടെ റിപ്പോർട്ടുകൾ പരിഗണിച്ച്, നേതാജി 18.8.1945ലുണ്ടായ വിമാനാപകടത്തിൽ അന്തരിച്ചുവെന്ന നിഗമനത്തിൽ സർക്കാർ എത്തിയിട്ടുണ്ട്," 2017 മെയ് 30ന് ഒരു വിവരാകാശ രേഖയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ജപ്പാനിൽ നിന്ന് ലഭിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം ബോസിന്റെ സംസ്‌കാരം തൈഹോകു പ്രിഫെക്ചറിൽ (ഇന്നത്തെ തായ്‌പേയ്) ആണ് നടന്നത്. അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ 1945 സെപ്തംബർ 8-ന് ടോക്കിയോയിലെ ഇംപീരിയൽ ആസ്ഥാനത്ത് വെച്ച് അദ്ദേഹത്തിന്റെ വിശ്വസ്തനായ എസ്.എ അയർക്ക് കൈമാറി. നേതാജിയുടെ ഭൗതികാവശിഷ്ടങ്ങളും ചിതാഭസ്മവും 1945 സെപ്റ്റംബർ 14-ന് ടോക്കിയോയ്ക്കടുത്തുള്ള റെങ്കോജി ക്ഷേത്രത്തിൽ എത്തിച്ചു. പിന്നീടിത് വരെ ഈ ക്ഷേത്രത്തിലാണ് ചിതാഭസ്മം വെച്ചിട്ടുള്ളത്. എല്ലാ വർഷവും നേതാജിയുടെ ചരമദിനത്തിൽ ഇവിടെ ചടങ്ങുകൾ നടത്താറുണ്ട്
ജവഹർലാൽ നെഹ്റു സർക്കാരിൻെറ കാലം മുതൽ നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ആ സമയത്ത് നേതാജി മരിച്ചുവെന്ന് വിശ്വസിക്കാൻ അദ്ദേഹത്തിൻെറ കുടുംബം തയ്യാറായിരുന്നില്ല. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരുകൾ ഭരിച്ചിരുന്ന സമയത്ത് ജപ്പാൻ നിരവധി തവണ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ തയ്യാറായിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. മൊറാർജി ദേശായി, ഇന്ദിരാ ഗാന്ധി, പിവി നരസിംഹ റാവു, ഐകെ ഗുജ്റാൾ, മൻ മോഹൻ സിങ് തുടങ്ങിയവരെല്ലാം പ്രധാനമന്ത്രിമാർ ആയിരുന്ന സമയത്ത് ഇന്ത്യയും ജപ്പാനും തമ്മിൽ ഇക്കാര്യത്തിൽ ആശയവിനിമയം നടന്നിട്ടുണ്ട്.
നേതാജിയുടെ ചിതാഭസ്മം ഗംഗയിൽ ഒഴുക്കുകയോ അല്ലെങ്കിൽ ഇന്ത്യയുടെ വ്യത്യസ്ത ഭാഗത്തുള്ള നദികളിൽ ഒഴുക്കുകയോ ചെയ്യാമെന്നാണ് ആഗ്രഹമെന്ന് അനിതാ ബോസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നേതാജിയുടെ കുടംബത്തിലെ ഭൂരിപക്ഷം പേരും ഇപ്പോഴും അദ്ദേഹത്തിൻെറ ദുരൂഹ മരണത്തിൽ സംശയാലുക്കളാണ്. അതിനാൽ തന്നെ ഭൗതികാവശിഷ്ടം ഇന്ത്യയിൽ എത്തിക്കുന്നതിൽ അവർ എതിർപ്പും പ്രകടിപ്പിച്ചിട്ടുണ്ട്.

നേതാജിയുടെ ചിതാഭസ്മം ഇന്ത്യയിൽ എത്തിക്കുമെന്ന് പ്രധാനമന്ത്രി ആവുന്നതിന് മുമ്പ് തന്നെ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിൻെറ മുൻഗാമിയായ അടൽ ബിഹാരി വാജ്പേയിയും ഇക്കാര്യത്തിൽ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബിജെപി സർക്കാരുകൾ ഭരിക്കുന്ന കാലത്തും നേതാജിയുടെ ചിതാഭസ്മം ഇന്ത്യയിൽ എത്തിക്കാൻ സാധിച്ചിട്ടില്ല
Previous Post Next Post