മാഗ്നസ് കാള്‍സനെ വീണ്ടും ഞെട്ടിച്ച് പ്രഗ്നാനന്ദ; മൂന്നാം തവണയും ലോക ചാമ്പ്യനെ വീഴ്ത്തി





ന്യൂയോര്‍ക്ക്: അഞ്ച് തവണ ലോക ചാമ്പ്യനായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെ വീണ്ടും പരാജയപ്പെടുത്തി ഇന്ത്യയുടെ ചെസ് സെന്‍സേഷന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രഗ്നാനന്ദ. എടിഎക്‌സ് ക്രിപ്‌റ്റോ കപ്പിലാണ് ഇത്തവണ താരം കാള്‍സനെ അടിയറവ് പറയിച്ചത്. 

കരിയറില്‍ ഇത് മൂന്നാം തവണയാണ് 17കാരനായ താരം കാള്‍സനെ പരാജയപ്പെടുത്തുന്നത്. തോറ്റെങ്കിലും ഏറ്റവും കൂടുതല്‍ സ്‌കോറുകള്‍ നേടി കാള്‍സന്‍ ടൂര്‍ണമെന്റ് വിജയിച്ചു. ജയത്തിനൊപ്പം ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനവും പ്രഗ്നാനന്ദ കരസ്ഥമാക്കി. 

റെഗുലേഷന്‍ ഗെയിം 2-2ന് സമനിലയില്‍ അവസാനിച്ചതോടെ പോരാട്ടം ബ്ലിറ്റ്‌സിലേക്ക് കടന്നു. ബ്ലിറ്റ്‌സ് പ്ലേയോഫില്‍ അസാധ്യ വേഗം പുറത്തെടുത്ത് കാള്‍സനെ പോലും അമ്പരപ്പിച്ചാണ് ഇന്ത്യന്‍ കൗമാര താരം വിജയം ഉറപ്പിച്ചത്. 

വിജയത്തിന്റെ വക്കിലെത്തിയ ശേഷമാണ് കാള്‍സന് അടിതെറ്റിയത്. സ്വയം വരുത്തിയ അബദ്ധങ്ങള്‍ തിരിച്ചടിച്ചപ്പോള്‍ പ്രഗ്നാനന്ദ അവസരം മുതലെടുത്ത് വിജയം പിടിക്കുകയായിരുന്നു. 

മികച്ച മുന്നേറ്റമാണ് ടൂര്‍ണമെന്റില്‍ പ്രഗ്നാനന്ദ പുറത്തെടുത്തത്. തുടര്‍ച്ചയായി നാല് വിജയങ്ങളുമായി താരം മുന്നേറി. ലോക ആറാം നമ്പര്‍ താരം ലെവോന്‍ ആറോനിയന്‍ അടക്കമുള്ള വമ്പന്‍മാരെയും താരം വീഴ്ത്തി. പിന്നാലെ അനിഷ് ഗിരി, ഹാന്‍സ് നിയെമന്‍ എന്നിവരെയും പരാജയപ്പെടുത്തി. രണ്ട് മത്സരങ്ങള്‍ താരം തോറ്റു.

Previous Post Next Post