പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ കുണ്ടളയിൽ ഉരുള്‍പൊട്ടല്‍; രണ്ട് കടമുറിയും ക്ഷേത്രവും മണ്ണിനടിയിൽ




മൂന്നാർ: പെട്ടിമുടി ദുരന്തത്തിന്റെ രണ്ടാം വാർഷികത്തിൽ മൂന്നാർ കുണ്ടള എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 450 ജീവനുകൾ. ഉരുൾപൊട്ടി വന്ന് മൂന്നാർ-വട്ടവട പാതയിലേക്ക് തങ്ങി നിൽക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്തതാണ് വൻ ദുരന്തമൊഴിവാക്കിയത്. 

താഴെ കുണ്ടള എസ്റ്റേറ്റിലടക്കം 141 കുടുംബങ്ങൾ താമസിക്കുന്നുണ്ടായിരുന്നു. നിരവധി എസ്റ്റേറ്റുകളാണ് താഴെയുണ്ടായിരുന്നത്. രാത്രി ഇതുവഴി വാഹനത്തിൽ വന്ന ആളുകളാണ് ഉരുൾപൊട്ടി റോഡിലേക്ക് കല്ലും മണ്ണും പതിച്ചിരിക്കുന്നത് കണ്ട്. ഇവർ അറിയിച്ചതിനെ തുടർന്ന് കുടുംബങ്ങളെ പൂർണമായും പെട്ടെന്ന് അടുത്തുള്ള സ്കൂളുകളിലേക്കും മറ്റും മാറ്റി. 

സ്ഥലത്തെ രണ്ട് കടകളും ക്ഷേത്രവും പൂർണമായും മണ്ണിനടിയിലായിട്ടുണ്ടെന്നും ആളപായമില്ലെന്നും ദേവികുളം എം.എൽ.എ എ രാജ പറഞ്ഞു.

വട്ടവട-മൂന്നാർ റോഡിൽ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാൽ റോഡ് പൂർണമായും ഇല്ലാതായിട്ടുണ്ട്. ഇതോടെ വട്ടവട പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചതായും റോഡിന്റെ അവസ്ഥ ഇതിന് ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്നും എം.എൽ.എ അറിയിച്ചു.


Previous Post Next Post