യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിനുള്ളിൽക്കയറി സിപിഎം കാർ കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചു ഒരാൾ കസ്റ്റഡിയിൽ മർദ്ദനത്തിൻ്റെ വീഡിയോ സാമൂഹൃ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


 
കോട്ടയം :തൃക്കൊടിത്താനം ∙ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിനുള്ളിൽക്കയറി കമ്പിവടി ഉപയോഗിച്ച് ആക്രമിച്ചെന്ന് പരാതി. തൃക്കൊടിത്താനം പഞ്ചായത്തിലെ സിപിഎം മെംബർ ഉൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒരാൾ അറസ്റ്റിലായി. പരുക്കേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മനു കുമാർ, ബ്ലോക്ക് ജനറൽ സെക്രട്ടറി ആന്റോ ആന്റണി എന്നിവർക്കാണ് വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഉണ്ടായ ആക്രമണത്തിൽ പരുക്കേറ്റത്.

മണികണ്ഠവയൽ പ്രദേശത്ത് യൂത്ത് കോൺഗ്രസ് യൂണിറ്റ് രൂപീകരിച്ചതിലെ വിരോധമാണു കാരണമെന്നു മനുകുമാർ പറയുന്നു. പഞ്ചായത്തംഗം ബൈജു വിജയനും സിപിഎം പ്രവർത്തകരും വീട്ടിലെത്തി കയ്യേറ്റം ചെയ്തെന്നാണു പരാതി. പൊലീസിന്റെ സാന്നിധ്യത്തിൽ ഈ സംഘം വീണ്ടുമെത്തി കമ്പിവടി കൊണ്ട് അടിച്ചെന്നും പറയുന്നു.

ബൈജു വിജയൻ, മജു, സുനിൽ, കണ്ടാലറിയാവുന്ന മറ്റു 3 പേർ എന്നിവർക്കെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. മണികണ്ഠവയൽ തൂമ്പുങ്കൽ ആന്റണി തോമസ് (മജു – 43) ആണ് അറസ്റ്റിലായത്. ബൈജു വിജയൻ മർദിക്കുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്. അതിർത്തിത്തർക്കത്തിന്റെ പേരിൽ മനുവും സംഘവും അയൽക്കാരന്റെ വീട്ടിലെ മതിൽ പൊളിച്ചു മാറ്റിയെന്നും ഇത് അന്വേഷിക്കാനെത്തിയ ബൈജുവിനെ ആക്രമിക്കുകയായിരുന്നുവെന്നും സിപിഎം ഏരിയ സെക്രട്ടറി കെ.സി.ജോസഫ് ആരോപിച്ചു.
أحدث أقدم