കൂട്ടം തെറ്റി നാട്ടിലിറങ്ങിയ കുട്ടിക്കുറുമ്പനെ ആനക്കൂട്ടത്തോടൊപ്പം അയച്ചു; ലോക ആനദിനത്തില്‍ ഏറെ സന്തോഷമെന്ന് വനപാലകര്‍





ആനക്കുട്ടിയെ തിരികെ ആനക്കൂട്ടത്തോടൊപ്പം അയക്കുന്നു/ ടിവിദൃശ്യം
 


മലപ്പുറം: കൂട്ടംതെറ്റി നാട്ടിലെത്തി അലഞ്ഞു നടന്ന മൂന്നുമാസം പ്രായമായ ആനക്കുട്ടിയെ കുടുംബത്തിനൊപ്പം എത്തിച്ചു. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ആനക്കുട്ടിയുടെ കുടുംബത്തെ വനപാലകര്‍ക്ക് കണ്ടെത്താനായത്. മലപ്പുറം കരുളായി നെടുങ്കയം വനത്തിലായിരുന്നു ആനക്കൂട്ടമുണ്ടായിരുന്നത്. 

ലോക ആനദിനമായ ഇന്നുതന്നെ ആനക്കുട്ടിയെ അതിന്റെ കുടുംബത്തോടൊപ്പം ചേര്‍ക്കാനായതില്‍ വളരെ സന്തോഷമുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എടക്കര വെള്ളാരമുണ്ട എന്ന പ്രദേശത്ത് മിനിയാന്ന് രാത്രിയാണ് ആനക്കുട്ടി കൂട്ടം തെറ്റി എത്തിയത്. 

തുടര്‍ന്ന് ആനക്കുട്ടിയെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് കാട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ നേരം പുലര്‍ന്നതോടെ ആനക്കുട്ടി വീണ്ടും നാട്ടിലെത്തി. തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചു. തുടര്‍ന്ന് നെടുങ്കയത്തെ ആനപ്പന്തിയിലേക്ക് ആനക്കുട്ടിയെ കൊണ്ടുപോയി. 

ഇതോടൊപ്പം ആനക്കുട്ടിയുടെ അമ്മയെയും ആനക്കൂട്ടത്തേയും കണ്ടെത്താന്‍ വനപാലകര്‍ ശ്രമം തുടര്‍ന്നു. അര്‍ധരാത്രിയോടെ കരുളായി നെടുങ്കയത്തെ ഉള്‍വനത്തില്‍ ആനക്കൂട്ടത്തെ കണ്ടെത്തി. ആനക്കുട്ടിയെ കുടുംബത്തോടൊപ്പം അയക്കുകയായിരുന്നു.  


Previous Post Next Post