തിരുവനന്തപുരം: ഭർത്താവ് ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ് ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തികുഴിയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതിമാർ ആത്മഹത്യ ചെയ്തിരിക്കുന്നത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), ഭാര്യ അപർണ (26)എന്നിവരാണ് മരിച്ചത്. ഇരുവർക്കും മൂന്നര വയസുള്ള മകളുണ്ട്.
ഇരുവരും തമ്മിൽ ചില അസ്വാരസ്യങ്ങൾ കാരണം ഒരാഴ്ചയായി മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് രാജേഷ് അപർണയുടെ വീട്ടിലെത്തി അപർണയെയും മകളെയും ഒപ്പംചെല്ലാൻ വിളിച്ചു. എന്നാൽ അപർണ ഒപ്പം പോയില്ല. ഇതിനെ തുടർന്ന് തിരികെ വീട്ടിലെത്തിയ രാജേഷ് മുറിക്കുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ പത്തര മണിയോടെ രാജേഷിന്റെ മരണവിവരം അറിഞ്ഞ അപർണ, വീട്ടിൽക്കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ മരിച്ചു.
അപർണയുടെയും രാജേഷിന്റെയും വീടുകൾ തമ്മിൽ നൂറു മീറ്റർ അകലം മാത്രമാണുള്ളത്. സംഭവത്തിൽ വലിയമല പോലീസ് കേസെടുത്തു. ഇരുവരുടെയും മൃതദേഹങ്ങൾ ഇപ്പോൾ മോർച്ചറിയിലാണുള്ളത്.