മലപ്പുറം: തിരൂരില്‍ ബിവറേജസ് ഷോപ്പിന് മുന്നിൽ മദ്യപിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. പറവണ്ണ സ്വദേശിയകളായ നിസാഫ്, യൂസഫ് എന്നിരാണ് പിടിയിലായത്. ബിയര്‍ കുപ്പി കൊണ്ട് സമീപത്തുണ്ടായിരുന്നവരുടെ തലയിൽ അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം തിരൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
തിരൂര്‍ കെ.ജി പടിയിലെ ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലാണ് സംഘര്‍ഷം ഉണ്ടായത്. മദ്യം വാങ്ങാനെത്തിയ യുവാക്കളുടെ സംഘമാണ് ബിവറേജസിന് മുന്നില്‍ ക്യു നിന്നിരുന്നവരെ മര്‍ദിച്ചത്. മദ്യലഹരിയിലാണ് അക്രമികൾ ബിയര്‍ കുപ്പികൊണ്ട് മറ്റുളളവരുടെ തലയിൽ അടിച്ചത്. ഏറെ സമയം ഇവര്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സമീപത്തെ കടയ്ക്കും കേടുപാടുകള്‍ വരുത്തി. ഇതിന് ശേഷം പ്രാദേശിക ചാനല്‍ ക്യാമറാമാനേയും ഇവര്‍ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഇപ്പോൾ പിടിയിലാവരുടെ സുഹൃത്ത് കൂടിയായ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും തിരൂര്‍ പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസം വൈകിട്ടോടെയാണ് മദ്യം വാങ്ങാനെത്തിയ മൂന്നംഗസംഘം ക്യൂവിലുണ്ടായിരുന്ന ആളുകളുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. പിന്നാലെ ഇവര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന പ്രാദേശിക ചാനല്‍ ക്യാമറാമാനെയും ഇവര്‍ ആക്രമിച്ചു. സമീപത്തെ കടയ്ക്കരികില്‍നിന്ന് വാര്‍ത്ത ശേഖരിക്കുന്നതിനിടെയാണ് ചാനല്‍ ക്യാമറമാനെയും മര്‍ദിച്ചത്. പരിക്കേറ്റ ക്യാമറമാന്‍ ആശുപത്രിയില്‍ ചികിത്സതേടി.
