സാധാരണ RSS സേവകനെ പോലെ ഗവർണർ തരംതാഴരുത് ; ഇ.പി ജയരാജൻ

തിരുവനന്തപുരം: അത്യുന്നത നിലവാരം കാത്തുസൂക്ഷിക്കേണ്ട സംസ്ഥാനത്തിന്റെ ഗവർണർ, പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് പ്രതിഷേധാർഹമാണെന്ന് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ പ്രതികരിച്ചു. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉന്നത നിലവാരത്തിൽ പൊതുസമൂഹം കാണുന്ന പദവിയിൽ ഇരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പദവിക്ക് ചേരാത്ത വിധമാണ് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്ഭവനെ ആർ.എസ്.എസ്. സംഘപരിവാർ സംഘം ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നുവെന്നും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനെ ക്രിമിനൽ ‘ എന്നാണ് ചാൻസലർ കൂടിയായ ഗവർണർ വിശേഷിപ്പിച്ചതെന്നും ജയരാജൻ പ്രസ്താവനയിൽ ആരോപണം ഉയർത്തി.

ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ഗവർണറുടെ പദവിക്ക് യോജിച്ചതാണോ ഇത്തരം നിലവാരം കുറഞ്ഞ പ്രയോഗങ്ങൾ എന്ന് ഒന്നുകൂടെ ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും ജയരാജൻ പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂർ വൈസ് ചാൻസലർ പാർട്ടി കേഡറെ പോലെ പ്രവർത്തിക്കുന്നുവെന്നും പ്രസ്താവിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ വിളിച്ച് പറയുന്നത്. ഉന്നതമായ അക്കാദമിക് പാരമ്പര്യമുള്ള അധ്യാപകരെ നിരന്തരമായി അധിക്ഷേപിക്കുന്ന രീതി ശരിയാണോ എന്ന് സ്വയം പരിശോധിക്കണം. സാധാരണ ആർ.എസ്.എസ്. സേവകനെ പോലെ ഒരു ഗവർണർ തരംതാഴാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭരണത്തെയോ സർവകലാശാലകളേയോ ശരിയായ നിലയിൽ വിലയിരുത്തി വിമർശിക്കുന്നതിനെയോ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനെയോ ആരും എതിർക്കുന്നില്ലെന്നും തെറ്റുകൾ ചൂണ്ടിക്കാട്ടാംമെന്നും ജയരാജൻ പറഞ്ഞു. അക്കാര്യങ്ങളിലൊന്നും ദുരഭിമാനമോ, മത്സരബുദ്ധിയോ തങ്ങൾക്കില്ല. പക്ഷേ, കേന്ദ്ര ബി.ജെ.പി. വർഗീയ താൽപര്യം നടപ്പാക്കാൻ ഗവർണർ പദവിയും രാജ്ഭവനും ദുരുപയോഗം ചെയ്യുന്നത് ശരിയല്ല. ജനാധിപത്യത്തിനും, ഫെഡറലിസത്തിനും അപകടകരമായ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തിയായി പ്രതിഷേധിക്കുന്നെന്നും ജയരാജൻ വ്യക്തമാക്കി
Previous Post Next Post