ആര്‍. ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശന്‍ ചരിത്രം കുറിക്കാനൊരുങ്ങുമ്പോള്‍, കേരളം ഉറ്റുനോക്കുന്നത് സാമ്പത്തിക അച്ചടക്കത്തിലേക്കുള്ള സംസ്ഥാനത്തിന്റെ ചുവടുവെപ്പുകളാണ്. കേന്ദ്രത്തില്‍നിന്നു പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്നു സൂചനയുള്ളതിനാല്‍ വരുമാനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണു സൂചന.
'മിഷന്‍ സമുദ്ര' അടക്കമുള്ള വമ്പന്‍ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ വര്‍ധന, ശമ്പള പരിഷ്‌കരണം, ക്ഷേമപെന്‍ഷന്‍ വര്‍ധന, ഇന്ദിരാ ഗാരന്റികള്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍, ഭൂനിയമങ്ങളില്‍ പൊളിച്ചെഴുത്ത് തുടങ്ങിയ പ്രഖ്യാപനങ്ങളും കേരളം കാത്തിരിക്കുന്നു. കിഫ്ബിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്താണെന്നും ബജറ്റിലൂടെ അറിയാം. കിഫ്ബിയില്‍ ഭരണതലത്തിലും നിയമനത്തിലും പരിഷ്‌കാരം വരുത്തുമെന്നാണ് സൂചന.