ന്യൂഡൽഹി : കഴിഞ്ഞ വർഷം രാജ്യത്ത് 1.55 ലക്ഷം പേർ റോഡപകടങ്ങളിൽ മരിച്ചെന്നു ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട്. റോഡപകടങ്ങൾ മൂലമുള്ള പ്രതിദിന മരണസംഖ്യ ശരാശരി 426. രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിവർഷ മരണനിരക്കാണിത്. 2021 ൽ 4.03 ലക്ഷം റോഡപകടങ്ങളിലായി 3.71 ലക്ഷം പേർക്കു പരുക്കു പറ്റുകയും ചെയ്തു.
റോഡപകടങ്ങളിൽ മരിച്ചവർ ഉപയോഗിച്ച വാഹനങ്ങളിൽ ഇരുചക്രവാഹനം (44.5%), കാർ (15.1%), ട്രക്ക് (9.4 %), ബസ് (3%) എന്നിവ ഉൾപ്പെടുന്നു. 59.7% അപകടങ്ങളും അമിതവേഗം മൂലമാണ്. 87,050 മരണങ്ങൾ, 2.28 ലക്ഷം ആളുകൾക്ക് പരുക്ക് എന്നിവ ഇതുമൂലം സംഭവിച്ചു.
അശ്രദ്ധമായ ഡ്രൈവിങ്, ഓവർടേക്കിങ് എന്നിവ മൂലമാണ് 25.7% അപകടങ്ങളും. 42,853 മരണങ്ങളും 91,893 പേർക്ക് പരുക്കും ഇതുമൂലം സംഭവിച്ചു .അപകടങ്ങളിൽ 59.7% ഗ്രാമ മേഖലയിലും 40.3% നഗരമേഖലയിലുമാണ്.