എലിസബത്ത് രാജ്ഞിയുടെ വിയോഗം; ഇന്ത്യയിൽ നാളെ ദേശീയ ദു:ഖാചരണം, ദേശീയ പതാക താഴ്ത്തി കെട്ടും

 



ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഞായറാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച്‌ കേന്ദ്രം. രാജ്ഞിയോടുളള ആദരസൂചകമായി ഞായറാഴ്ച ദേശീയ പതാക താഴ്ത്തിക്കെട്ടും. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുസംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. ഈ ദിവസം രാജ്യത്ത് ഔദ്യോഗികമായ വിനോദപരിപാടികള്‍ ഒന്നുംതന്നെ ഉണ്ടായിരിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
 96 - ആം വയസിൽ കിരീടധാരണത്തിന്റെ 70-ാം വര്‍ഷത്തിലായിരുന്നു എലിസബത്ത് രാജ്ഞിയുടെ വിയോഗം.

എലിസബത്ത് രാജ്ഞിയുടെ സംസ്‌ക്കാര ചടങ്ങുകള്‍ രണ്ടാഴ്ചക്കുളളില്‍ പൂര്‍ത്തിയാകും. രാജ്ഞിയുടെ സംസ്‌കാരചടങ്ങുകളോടനുബന്ധിച്ച്‌ നാല് ദിവസം ഭൗതിക ശരീരം വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. കൊട്ടാരത്തിലെ ഉയര്‍ന്ന ഭാഗമായ കാറ്റാഫാള്‍ക്കിലാണ്  ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെയ്ക്കുക. ഇതിന് ചുറ്റും സൈനികരുടെ കാവലുണ്ടാകും. ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്ന് ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള യാത്ര ജനങ്ങള്‍ക്ക് വഴിയോരങ്ങളില്‍ നിന്ന് കാണാന്‍ സാധിക്കും. 

 സംസ്‌കാര ചടങ്ങുകള്‍ ലണ്ടനിലെ റോയല്‍ പാര്‍ക്കിലെ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. വെസ്റ്റ് മിനിസ്റ്റര്‍ ഹാളില്‍ എത്തിച്ച ശേഷം മൃതദേഹത്തിന് മുകളില്‍ രാജപതാകയും അതോടൊപ്പം കിരീടം, ചെങ്കോല്‍, ഓര്‍ബ് എന്നിവയും വെയ്ക്കും.
രാജ്ഞിയുടെ സേവനങ്ങള്‍ സ്മരിക്കുന്നതിനായി രാജകുടുംബത്തോടൊപ്പം യുകെയിലെ മുതിര്‍ന്ന നേതാക്കന്മാരും മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും പങ്കെടുക്കും. 
രാജ്ഞിയുടെ ഭൗതികശരീരം ആശ്രമത്തിലെത്തിക്കുന്നത് സ്റ്റേറ്റ് ഗണ്‍ കാരേജിലാണ്. 1979 ല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്കാണ് 142 നാവികര്‍ അകമ്പടി സേവിക്കുന്ന ഈ വാഹനം പുറത്തെടുത്തത്. 

പുതിയ രാജാവുള്‍പ്പെടെ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെല്ലാം തന്നെ ഈ വിലാപയാത്രയുടെ ഭാഗമാകും. സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നത് വെസ്റ്റ്മിനിസ്റ്റര്‍ പുരോഹിതന്‍ ഡേവിഡ് ഹോള്‍ ആണ്. തുടര്‍ന്ന് ആര്‍ച്ച്‌ ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി മുഖ്യപ്രഭാഷണം നടത്തും. പ്രധാനമന്ത്രി ലിസ് ട്രസ്സ് ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചേക്കും.


Previous Post Next Post