ഓ മൈ ഗോഡ്; ഇതിലിപ്പോള്‍ കൊള്ളക്കാരന്‍ ഏത്, പോക്കറ്റടിക്കാരന്‍ ഏത്; ജോഡോ യാത്രയിലെ പോക്കറ്റടിയെ ട്രോളി എം.എം.മണി


തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടിയതിനെ പരിഹസിച്ച് സിപിഐഎം നേതാവ് എം.എം.മണി എംഎല്‍എ. ഓ മൈ ഗോഡ് ഇതിലിപ്പോള്‍ കൊള്ളക്കാരന്‍ ഏത്, പോക്കറ്റടിക്കാരന്‍ ഏത് എന്ന് പൊലീസ് ചിന്തിക്കുന്ന ട്രോളാണ് ജോഡോ യാത്രയിലെ പോക്കറ്റടിയെ പരിഹസിച്ച് എം.എം.മണി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്ന്. സമാനമായ രീതിയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും കോണ്‍ഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പോക്കറ്റടിക്കാരുണ്ട് സൂക്ഷിക്കുകയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തമിഴ്നാട്ടില്‍ നിന്നുള്ള സംഘമാണ് ഭാരത് ജോഡോ യാത്രയില്‍ കടന്നുകൂടിയത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നേമം വെള്ളായണി ജംക്ഷനില്‍ നിന്ന് പട്ടത്തേക്കായിരുന്നു ഇന്ന് രാവിലത്തെ ജോഡോ യാത്ര. ഇതിനിടെ യാത്രയില്‍ പങ്കെടുത്ത രണ്ടുപേര്‍ തങ്ങളുടെ പോക്കറ്റിടിച്ചെന്ന് പൊലീസില്‍ പരാതിപ്പെട്ടു. ഇതേ തുടര്‍ന്ന് നടത്തിയ സിസിടിവി അന്വേഷണത്തിലാണ് യാത്രയില്‍ പോക്കറ്റടി സംഘത്തിന്റെ സാന്നിധ്യം വ്യക്തമായത്. സംഘത്തെ അറസ്റ്റ് ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ അറിയിച്ചു. കന്യാകുമാരിയില്‍ നിന്ന് തന്നെ സംഘം യാത്രയില്‍ കടന്നു കൂടിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. രാഹുലിനെ കാണാനെത്തുന്നവരെ പോക്കറ്റടിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. സംഘത്തിലുള്ള നാലുപേരുടെ ചിത്രങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രണ്ടു സ്ഥലങ്ങളില്‍ ഇവര്‍ പോക്കറ്റടിക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. നേരത്തെയും പല മോഷണ കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. അതുകൊണ്ട് തന്നെ പൊലീസ് ലിസ്റ്റില്‍ ഇവരുടെ പേരുകളുണ്ട്. അതാണ് ഇവരെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്.

Previous Post Next Post