ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിൽ ആഡംബര ഹോട്ടലിൽ സ്ഫോടനത്തെ തുടർന്നുണ്ടായ വൻ തീ പിടിത്തത്തിൽ ആറ് പേർ മരിച്ചു. റൂബി പ്രൈഡ് ആഡംബര ഹോട്ടലിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന ഇ- ബൈക്ക് ഷോറൂമിലുണ്ടായ സ്‌ഫോടനത്തെ തുടർന്നാണ് തീ പടർന്നത്. ഇന്നലെ രാത്രി 9.20 ഓടെയാണ് തീ പിടിത്തമുണ്ടായത്.
നിരവധി പേർക്ക് പൊള്ളലേറ്റതായി റിപ്പോർട്ടുകളുണ്ട്. അപകട സമയത്ത് പാസ്‌പോർട്ട് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ 25 പേരാണ് ഉണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റൂബി മോട്ടോഴ്‌സ് ഷോറൂമിൽ സ്ഥാപിച്ചിരുന്ന ഇ- ബൈക്കോ, ജനറേറ്ററോ പൊട്ടിത്തെറിച്ചതാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഹൈദരാബാദ് പൊലീസ് കമ്മീഷണർ സിവി ആനന്ദ് പറഞ്ഞു. തീജ്വാലകൾ ഗോവണിപ്പടിയിലേക്ക് കുതിച്ചു, താമസിയാതെ നിലവറ, നിലം, കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകൾ വിഴുങ്ങി.