രാമക്ഷേത്രം പൂര്‍ത്തിയാകുക 2023ല്‍, പ്രതിഷ്ഠ 2024ൽ


രൂപരേഖ 

 ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം, 2023 ഡിസംബറോടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതലയുള്ള ട്രസ്റ്റ്.
2024 ജനുവരിയില്‍ പ്രതിഷ്ഠ നടത്താനും നിലവിൽ ധാരണയായി.
 
രാമക്ഷേത്രം നിർമ്മിക്കാൻ ഏകദേശം 1800 കോടി രൂപ ചെലവ് വരുമെന്നും ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു. ക്ഷേത്ര നിര്‍മ്മാണത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ശ്രീരാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റാണ് നിർമ്മാണം സംബന്ധിച്ച വിവരങ്ങളും കണക്കുകളും പുറത്തുവിട്ടത്.

ഞായറാഴ്ചയാണ് യുപിയിലെ ഫൈസാബാദ് സർക്യൂട്ട് ഹൗസിൽ ട്രസ്റ്റ് അംഗങ്ങൾ യോഗം ചേർന്നു ബന്ധപ്പെട്ട കാര്യങ്ങൾ പരസ്യപ്പെടുത്തിയത്. വിദഗ്ധർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ചെലവ് കണക്കാക്കിയതെന്ന് ട്രസ്റ്റ് അംഗങ്ങൾ പറഞ്ഞു. ബന്ധപ്പെട്ട എല്ലാവരുടെയും നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് നീണ്ട ചർച്ചയ്ക്കു ശേഷം ട്രസ്റ്റിന്റെ നിയമങ്ങൾക്കും ഉപനിയമങ്ങൾക്കും യോഗത്തിൽ അന്തിമരൂപം നൽകിയതായി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു.

 ക്ഷേത്ര സമുച്ചയത്തിൽ പ്രമുഖ ഹൈന്ദവ ദർശകരുടെയും രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കാനും ട്രസ്റ്റ് അംഗങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചു.


Previous Post Next Post