ദോഹ: സ്കൂൾ ബസിൽ കുടുങ്ങി മരണപ്പെട്ട നാല് വയസുകാരി മിൻസയുടെ മാതാപിതാക്കളെ സന്ദർശിച്ച് ഖത്തർ വിദ്യഭ്യാസ മന്ത്രി ബുതൈന അൽ-നുഐമി. ഇന്നലെയാണ് മന്ത്രി വീട്ടിലെത്തി രാജ്യത്തിന്റെ അനുശോചനം അറിയിക്കുകയും ഇരുവരെയും ആശ്വസിപ്പിക്കുകയും ചെയ്തത്. ചിത്രകല, ഡിസൈനിംഗ് മേഖലയിൽ ജോലി ചെയ്യുന്ന കോട്ടയം ചിങ്ങവനം സ്വദേശിയായ അഭിലാഷ് ചാക്കോ കുടുംബത്തോടൊപ്പം ഏറെക്കാലമായി ഖത്തറിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചുവരികയാണ്. ഡ്രൈവർ ഒഴികെ എത്ര സൂപ്പർവൈസർമാരോ ജീവനക്കാരോ വിദ്യാർത്ഥികൾക്കൊപ്പം ഉണ്ടായിരുന്നു എന്നത് സംബന്ധിച്ച അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ജീവനക്കാരുടെ അറസ്റ്റ് വാർത്തകൾ ഉണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല
അൽ വഖ്‌റയിലെ സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടണിലെ വിദ്യാർത്ഥിനിയായ മിൻസാ രാവിലെ സ്കൂൾ ബസിൽ വച്ച് ഉറങ്ങിപോവുകയായിരുന്നു. സ്കൂളിലെത്തി മറ്റ് വിദ്യാർത്ഥികൾ ഇറങ്ങുകയും ജീവനക്കാർ ബസ് പരിശോധിക്കാതെ പൂട്ടിപ്പോവുകയുമായിരുന്നു. തുറസ്സായ സ്ഥലത്ത് ബസ് നിർത്തിയിട്ടതിനാൽ കുട്ടി മറ്റാരുടെയും ശ്രദ്ധയില്പെട്ടിരുന്നില്ല. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാന്‍ ബസില്‍ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാര്‍ കുട്ടിയെ കാണുന്നത്.