ഞാലിയാകുഴി മാർ ബസേലിയോസ് ദയറാ മുൻ സുപ്പീരിയർ ഫാ. ജോർജ് ഫിലിപ്പ് അന്തരിച്ചു.








കോട്ടയം:
ഞാലിയാകുഴി മാർ ബസേലിയോസ് ദയറാ മുൻ സുപ്പീരിയറും പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി ഇടവകാംഗവുമായ ഫാ. ജോർജ് ഫിലിപ്പ് (70) അന്തരിച്ചു. പുതുപ്പള്ളി മണലും ഭാഗത്ത് പരേതരായ പി. ജെ. ജോർജിന്റെയും വടശ്ശേരിൽ മറിയാമ്മ ജോർജിന്റെയും മകനാണ്.

 നിയമത്തിൽ ബിരുദവും, ഇംഗ്ലീഷ്, മലയാള ഭാഷകളിൽ ബിരുദാനന്തര ബിരുദവും, കോട്ടയം വൈദിക സെമിനാരിയിൽ നിന്ന് വേദശാസ്ത്ര ബിരുദവും നേടി. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ ബാവായിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കോട്ടയം ഭദ്രാസന മെത്രാപ്പോലിത്ത പാറേട്ട് മാത്യൂസ് മാർ ഈവാനിയോസ് തിരുമേനിയുടെ കുടുംബാംഗവുമാണ്. 

പാമ്പാടി ബി. എം. എം. ഇംഗ്ലിഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ വൈസ് പ്രിൻസിപ്പലായും, കോട്ടയം, ഇടുക്കി ഭദ്രാസനങ്ങളിലെ നിരവധി ദേവാലയങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചു. പ്രകൃതിക്കിണങ്ങുന്ന ജീവിത ശൈലിയും, ജൈവകൃഷിയും, അപൂർവ്വ ഇനങ്ങളിലുള്ള നാടൻ പശുക്കളുടെ പരിപാലനവും, അപൂർവ്വ വിത്തിനങ്ങളും, ഔഷധ സസ്യങ്ങൾ സംരക്ഷിക്കുന്നതിലും താത്പര്യമെടുത്തിരുന്നു. യോഹന്നാന്റെ സുവിശേഷത്തിന് ഭാഷ്യം, പൗരസ്ത്യ പിതാവായ മാർ അത്താനാസിയോസിന്റെ പ്രഭാഷണങ്ങൾ തുടങ്ങിയ ഗ്രന്ഥങ്ങളുടെ പരിഭാഷകനായ അദ്ദേഹം ഏകാന്തവാസത്തിലും മൗനത്തിലും ബസേലിയോസ് ദയറായിൽ താമസിച്ചു വരുകയായിരുന്നു. 

സംസ്കാരം തിങ്കളാഴ്ച (05/09/2022) 3 മണിക്ക് ഞാലിയാകുഴി ദയറായിൽ.
Previous Post Next Post