തിരുവനന്തപുരം കല്ലാറിൽ ഒഴുക്കിൽപ്പെട്ട് പോലീസുകാരനടക്കം 3 പേർ മരിച്ചു, 2 പേരുടെ നില ഗുരുതരം

തിരുവനന്തപുരം: തിരുവനന്തപുരം കല്ലാർ വട്ടക്കയത്ത് ഒഴുക്കില്‍പ്പെട്ട് മൂന്നു യുവാക്കള്‍ മരിച്ചു. തിരുവനന്തപുരം ബീമാപള്ളി സ്വദേശികളായ അഞ്ചു പേരാണ് ഒഴുക്കില്‍പെട്ടത്. സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള 12 വയസുകാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒരു സ്ത്രീയും 12 വയസുകാരിയും അടങ്ങുന്ന ബന്ധുക്കളുടെ സംഘമാണ് കല്ലാറിലെത്തിയത്. സംഘത്തിലെ കുട്ടി കുളിക്കുന്നതിനിടെ കല്ലാറിലെ കയത്തില്‍ പെടുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവര്‍ ഒഴുക്കില്‍പെട്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ചുപേരേയും നാട്ടുകാര്‍ ഒഴുക്കില്‍ നിന്ന് രക്ഷിച്ചു കരക്കെത്തിച്ചിരുന്നു. എന്നാല്‍ ഇവരില്‍ മൂന്നു പേര്‍ മരിക്കുകയായിരുന്നു. സ്ത്രീയും പെണ്‍കുട്ടിയും ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വിതുര ആശുപത്രിയിലാണുള്ളത്. നിരന്തരം അപകടമുണ്ടാകുന്ന മേഖലയാണ് കല്ലാറിലെ വട്ടക്കയം. ഇവിടെ കുളിക്കരുതെന്നു സൂചനാ ബോര്‍ഡുകള്‍ വെച്ചിട്ടുണ്ടെങ്കിലും സഞ്ചാരികള്‍ ഇത് മുഖവിലയ്‌ക്കെടുക്കാറില്ല. ഇതാണ് പലപ്പോഴും അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ അറിയിച്ചു. മരിച്ച ഫിറോസ് പോലീസ് ഉദ്യോഗസ്ഥനാണ്.

 


Previous Post Next Post