സ്കോട്ട്ലൻഡ് : ബാക്ടീരിയ എന്നത് മിക്ക ആളുകള്‍ക്കും ഇഷ്ടപ്പെടാത്ത ഒരു വാക്കാണ്. എന്നാല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഒരു കലാകാരി ബാക്ടീരിയകൾ ഉപയോഗിച്ച് ആഭരണങ്ങള്‍ ഉണ്ടാക്കുന്നതാണ് ടിക് ടോക്കിൽ വൈറലായിരിക്കുന്നത്. ക്ലോ ഫിറ്റ്‌സ്പാട്രിക് എന്ന യുവതിയാണ് ചെടികളിലും സ്വന്തം ശരീരത്തിലും കാണപ്പെടുന്ന ബാക്ടീരിയകളില്‍ നിന്ന് വ്യത്യസ്തമായ നിറങ്ങള്‍ കള്‍ച്ചര്‍ ചെയ്ത് ആഭരണങ്ങള്‍ നിർമ്മിക്കുന്നത്. 20 മില്യണിലധികം കാഴ്ചക്കാരാണ് ഈ വീഡിയോ ടിക് ടോക്കില്‍ കണ്ടത്. ബാക്ടീരിയകള്‍ക്ക് അവര്‍ വളരുന്ന മാധ്യമങ്ങളുടെ പിഎച്ച് അളവ് അനുസരിച്ച് നിറം മാറ്റാന്‍ കഴിയും. ആ പരിതസ്ഥിതികളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ വ്യത്യസ്ത നിറങ്ങള്‍ ലഭിക്കുമെന്ന് ഫാസ്റ്റ് കമ്പനി മാഗസിനിലെ ഒരു റിപ്പോര്‍ട്ടിൽ പറയുന്നു. 'ബാക്ടീരിയ ആഭരണങ്ങള്‍' ഉണ്ടാക്കുന്നതിനായി ഫിറ്റ്സ്പാട്രിക്, ഡണ്‍ഡീ സര്‍വകലാശാലയും ജെയിംസ് ഹട്ടണ്‍ ഗവേഷണ സ്ഥാപനവുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
യുവതിയുടെ ശരീരത്തില്‍ നിന്ന് സ്വാബുകള്‍ എല്‍ബിഎസ് ന്യൂട്രിയന്റ് അഗറിലേക്ക് മാറ്റിക്കൊണ്ടാണ് ആഭരണ നിര്‍മ്മാണ പ്രക്രിയ ആരംഭിക്കുന്നത്. ബാക്ടീരിയകളെ വളര്‍ത്താന്‍ ഉപയോഗിക്കുന്ന പോഷക സമ്പുഷ്ടമായ ഒരു മാധ്യമമാണിത്. ഇത് പുതിയ ബാക്ടീരിയ കൂട്ടങ്ങള്‍ വളരാന്‍ കാരണമാകും. അവയില്‍ നിന്ന്, ഫിറ്റ്‌സ്പാട്രിക് ഇഷ്ടപ്പെടുന്ന നിറങ്ങള്‍ തിരഞ്ഞെടുത്ത് ഒരു പുതിയ അഗര്‍ പ്ലേറ്റിലേക്ക് മാറ്റും. നിറങ്ങളുടെ കോളനികള്‍ വളര്‍ന്നുകഴിഞ്ഞാല്‍, യുവി റെസിന്‍ പ്ലേറ്റുകളിലേക്ക് ഒഴിച്ച് മിക്‌സ് ചെയ്ത് റബ്ബര്‍ അച്ചില്‍ സെറ്റ് ചെയ്യും.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബാക്ടീരിയകള്‍ വ്യത്യസ്ത നിറങ്ങളാണ് നല്‍കുന്നത്. പിങ്ക് നിറത്തിലുള്ള ആഭരണം കാല്‍പാദത്തില്‍ നിന്നെടുത്ത ബാക്ടീരിയകളിൽ നിന്ന് രൂപപ്പെടുത്തിയ നിറം ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. എന്നാല്‍ ഈ ആഭരണങ്ങളൊന്നും തന്നെ യുവതി ധരിക്കുന്നില്ല.
ആളുകള്‍ സാധാരണയായി ചിന്തിക്കാത്ത പ്രകൃതിയുടെ ഒരു ഭാഗവുമായി വീണ്ടും ബന്ധപ്പെടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ഫിറ്റ്സ്പാട്രിക് പറഞ്ഞു.
മുലപ്പാൽ കൊണ്ട് ലോക്കറ്റ് മുതൽ കമ്മലുകൾ വരെ നിർമ്മിക്കുന്ന മറ്റൊരു യുവതിയുടെ വാർത്ത മുമ്പ് വാർത്തകളിൽ നിറഞ്ഞിരുന്നു. കുഞ്ഞുങ്ങളുടെ ഓർമകൾ സൂക്ഷിക്കാനായി വളരെ വ്യത്യസ്തമായ മാർഗങ്ങൾ കണ്ടെത്തിയിരിക്കുകയാണ് ബംഗളുരുവിൽ നിന്നുള്ള നമിത നവീൻ എന്ന ഈ അമ്മ. കുഞ്ഞിന്റെ പൊക്കിൾക്കൊടി, പാൽപല്ലുകൾ, ആദ്യം മുറിച്ച നഖങ്ങൾ, മുടി എന്നിവ ഉപയോഗിച്ച് അതുല്യമായ ആഭരണങ്ങളും മറ്റും ഉണ്ടാക്കി കുഞ്ഞിന്റെ വളർച്ചയിലെ സുന്ദര നിമിഷങ്ങളും ഓർമകളും സൂക്ഷിച്ചുവെക്കാൻ ശ്രമിക്കുകയാണ് നമിത. സ്വന്തം കുഞ്ഞിന്റെ ഓർമ്മകൾ സൂക്ഷിക്കാൻ ആഗ്രഹിച്ച നമിത മുലയൂട്ടലിന്റെ ഓർമ്മകളും കുഞ്ഞിന്റെ ബാല്യകാലവും എക്കാലവും വിലമതിക്കാനാകാത്ത സന്തോഷ നിമിഷങ്ങളാക്കി സൂക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് നഖങ്ങളും പല്ലുകളുമെല്ലാം ഉപയോഗിച്ച് ആഭരണങ്ങളും മറ്റും ഉണ്ടാക്കാൻ തീരുമാനിച്ചത്.