ചോരക്കുഞ്ഞിന്റെ ഷുഗർ ലെവൽ താണു; വാവിട്ടുകരഞ്ഞ കുഞ്ഞിനെ മുലയൂട്ടി പോലീസുകാരി; തിരികെ കിട്ടിയത് കുരുന്നു ജീവൻ


കോഴിക്കോട് :  പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിനെ മുലയൂട്ടി രക്ഷിച്ച് വനിതാ പോലീസ് ഓഫീസർ രമ്യ. ഷുഗർ ലെവൽ അപകടകരമായ രീതിയിൽ താഴ്ന്ന കുഞ്ഞിനാണ് വനിതാ പോലീസ് രക്ഷകയായത്. കഴിഞ്ഞ 23ന് പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഭർത്താവും ഭർതൃമാതാവും ചേർന്ന് തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥയാണ് കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന ഭർത്താവ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് വിവരം കിട്ടിയ കോഴിക്കോട് ചേവായൂർ പോലീസിന്റെ അന്വേഷണം ചെന്നു നിന്നത് ബത്തേരിയിലാണ്. കുഞ്ഞിനെ ബെംഗളുരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു ഭർത്താവ്.  കണ്ടെത്തുമ്പോൾ കുഞ്ഞിന്റെ ആരോഗ്യ നില ആശങ്കപ്പെടുത്തുന്നതായിരുന്നു. പരിശോധനയിൽ കുഞ്ഞിന്റെ ഷുഗർ നില താഴുന്നതായി കണ്ടെത്തി. ഇതേത്തുടർന്ന് താൻ മുലയൂട്ടുന്ന അമ്മയാണെന്നു വ്യക്തമാക്കിയ വനിതാ പോലീസ് ഓഫീസർ രമ്യ ഡോക്ടറുടെ അനുമതിയോടെ കുഞ്ഞിന് മുലപ്പാൽ നൽകുകയായിരുന്നു. അതുവരെ വാവിട്ടു കരഞ്ഞ കുഞ്ഞ് അതോടെ കരച്ചിൽ അടക്കി. മെല്ലെ മെല്ലെ മുലപ്പാൽ നുണഞ്ഞു. നന്തി ചിങ്ങപുരം കിഴക്കേ നൊട്ടിക്കണ്ടി മാധവന്റെയും രതിദേവിയുടെയും മകളാണ് രമ്യ. അധ്യാപകനായ അശ്വന്താണ് ഭർത്താവ്. അഞ്ചും ഒന്നും വയസായ രണ്ട് മക്കൾ രമ്യക്കുണ്ട്. കുഞ്ഞിന്റെ ജീവൻ രക്ഷിച്ച രമ്യ നാട്ടിലെ താരമായി മാറിയിരിക്കുകയാണ്.

Previous Post Next Post