കോട്ടയം : സഹകരണ മേഖലയും കാർഷിക മേഖലയും തമ്മിൽ നാഭി - നാള ബന്ധമാണെന്ന്
സഹകരണ -സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. എല്ലാ കാലഘട്ടങ്ങളിലും കാർഷിക മേഖലയെ സംരക്ഷിക്കാൻ സഹകരണ മേഖലയും തിരിച്ചും എന്ന നിലയിൽ സഹകരണ മേഖലയും കാർഷിക മേഖലയും ഒരുപോലെ വളരുന്നതാണ് കേരളം കണ്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആനിക്കാട് റീജണൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി .
22.50 കോടി രൂപയാണ് സംസ്ഥാന സർക്കാർ പദ്ധതിക്കായി ബജറ്റിൽ മാറ്റിവച്ചത്. ആസൂത്രണ ബോർഡുമായ് ചർച്ച ചെയ്തുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അദ്ധ്യക്ഷനായി. കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ക്ഷേമകാര്യ ചെയർപേഴ്സൺ റ്റി. എൻ. ഗിരീഷ്കുമാർ , പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ്, ആനിക്കാട് റീജണൽ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ഗോപകുമാർ, എ.ആർ.എഫ്.എസ്.സി. ബാങ്ക് എം.ഡി. റെജിമോൾ ഫിലിപ്പ്, സംസ്ഥാന ആസൂത്രണ ബോർഡ് കാർഷിക- സഹകരണ വിഭാഗം മേധാവി എസ്. എസ്. നാഗേഷ്, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം, സഹകരണ സംഘം കോട്ടയം (ജനറൽ) ജോയിന്റ് രജിസ്ട്രാർ എൻ. വിജയകുമാർ , പ്ലാനിംഗ് & ഐ.സി.ഡി.പി. കോ-ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് അഡീഷണൽ രജിസ്ട്രാർ പി. ഷാജി, സഹകരണ സംഘം ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ, സഹകരണ സംഘം ഉദ്യോഗസ്ഥർ, പ്ലാനിംഗ് ബോർഡ് റിസർച്ച് അസിസ്റ്റന്റ് ആർ. ജയകൃഷ്ണൻ , ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.