പി ജയരാജന് പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനം; 35 ലക്ഷം രൂപ അനുവദിച്ചു


കണ്ണൂര്‍: സിപിഎം നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായി പി ജയരാജന് 35 ലക്ഷം രൂപയുടെ പുതിയ കാര്‍ വാങ്ങാന്‍ അനുമതി. വാഹനത്തിന് ഉയര്‍ന്ന സെക്യൂരിറ്റി സംവിധാനമുണ്ടാക്കാനും പ്രത്യേക നിര്‍ദ്ദേശമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമായി ഇലക്ട്രിക് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കണമെന്ന സര്‍ക്കാര്‍ നയം മറികടന്നുകൊണ്ടാണ് പി ജയരാജന് പുതിയ വാഹനം വാങ്ങാനുള്ള തീരുമാനമുണ്ടായത്. മന്ത്രിമാര്‍ക്ക് വാഹനം വാങ്ങിയതിനെക്കാള്‍ ഉയര്‍ന്ന തുകയാണ് പി ജയരാജന് അനുവദിച്ചിരിക്കുന്നത്. ഉത്തരവ് പുറത്തിറങ്ങിയത് ഈ മാസം 17നാണ്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ര്‍ ബോര്‍ഡാണ് വൈസ് ചെയര്‍മാനു വേണ്ടി 35 ലക്ഷം രൂപയുടെ കാര്‍വാങ്ങാന്‍ തീരുമാനിച്ചത്. മന്ത്രിസഭായോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു. പി.ജയരാജന്റെ ശാരീരികാവസ്ഥ കൂടെ പരിഗണിച്ചാണ് ഈ തീരുമാനം. സാമ്പത്തിക പ്രതിസന്ധികാരണം പുതിയ വാഹനം വാങ്ങുന്നതിനെ തടഞ്ഞുകൊണ്ടു നവംബര്‍ നാലിന് ചീഫ് സെക്രട്ടറിയും നവംബര്‍ ഒന്‍പതിന് ധനകാര്യവകുപ്പും ഉത്തരവിറക്കിയിരുന്നു. ഇതു മറികടന്നുകൊണ്ടാണ് പുതിയ തീരുമാനം. ബുള്ളറ്റ് പ്രൂഫ് വാഹനമാണ് പി ജയരാജനായി വാങ്ങുന്നത്. കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ 4 കാറുകള്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് വേണ്ടി വാങ്ങാന്‍ തീരുമാനമെടുത്തിരുന്നു.

Previous Post Next Post