നടുറോഡിൽ ബൈക്കിൽ സഞ്ചരിച്ചു കൊണ്ട് സോപ്പ് തേച്ച് കുളി: സോഷ്യൽ മീഡിയയിൽ വൈറലാവാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ;


ബൈക്കില്‍ സഞ്ചരിച്ച്‌ സോപ്പുതേച്ച്‌ കുളിച്ച യുവാക്കള്‍ പൊലീസ് പിടിയില്‍. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട, ഭരണിക്കാവിലാണ് സംഭവം. സിനിമാപറമ്പ് സ്വദേശികളായ അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെയാണ് ശാസ്താംകോട്ട പൊലീസ് കേസെടുത്തത്.
വൈകുന്നേരം മൈതാനത്ത് കളി കഴിഞ്ഞു വീട്ടിലേക്ക് വരികയായിരുന്നു അജ്മലും ബാദുഷയും. കനത്ത മഴയില്‍ നനഞ്ഞു കുതിര്‍ന്നപ്പോള്‍ സിനിമാ പറമ്ബ് സ്വദേശികളായ യുവാക്കള്‍ക്ക് ഒരു പൂതി. യാത്ര അല്‍പ്പം സിനിമാറ്റിക്ക് ആക്കിക്കളയാം. പിന്നൊന്നുമാലോചിച്ചില്ല. ടീ ഷര്‍ട്ട് ഊരി. ഒരു സോപ്പ് സംഘടിപ്പിച്ച്‌ മേലാകെ നന്നായങ്ങ് പതപ്പിച്ചു. തിരക്കേറിയ ഭരണിക്കാവ് ടൗണിലായിരുന്നു യുവാക്കളുടെ കുളി സഞ്ചാരം.
ഈ ദൃശ്യങ്ങള്‍ അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതോടെ നഗരത്തിലെ കുളി സഞ്ചാരം കാര്യമായെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. സോപ്പ് പതപ്പിച്ച്‌ നടന്നവരെ പൊലീസ് പൊക്കി. അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് എടുത്തു. പിഴയും അടപ്പിച്ചു. ഇനി വീട്ടിലാണെങ്കില്‍ പോലും കുളിക്കണോ വേണ്ടയോ എന്ന് ഇരുവരും രണ്ടാമതൊന്ന് ആലോചിക്കും എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്ന ട്രോളുകളിലെ പരിഹാസം
Previous Post Next Post