കൊച്ചി: ഓടുന്ന കാറിൽ മോഡലായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. യുവതിയുടെ സുഹൃത്തായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാംബ (ഡോളി) കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരെയാണ് എറണാകുളം എസിജെഎം കോടതി ഡിസംബർ മൂന്ന് വരെ റിമാൻഡ് ചെയ്തത്. നാല് പ്രതികളുടെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം, ഗൂഢാലോചന, കടത്തിക്കൊണ്ട് പോകൽ എന്നീ മൂന്ന് വകുപ്പുകളാണ് നിലവിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു വ്യക്തമാക്കിയിരുന്നു. ബാറിലും താമസസ്ഥലത്തും അടക്കം പോലീസ് പരിശോധന നടത്തിയതായി കമ്മീഷണർ പറഞ്ഞു.
സഞ്ചരിക്കുന്ന കാറിൽ വെച്ചാണ് മൂന്ന് യുവാക്കൾ 19കാരിയായ മോഡലിനെ ബലാത്സംഗം ചെയ്തത്. മയക്ക് മരുന്ന് നൽകിയെന്ന യുവതിയുടെ പരാതിയടക്കമുള്ള കാര്യങ്ങളിൽ വിശദമായി പരിശോധന നടത്തും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിൻ്റെ തീരുമാനം. രണ്ട് ദിവസത്തെ കസ്റ്റഡിക്കുള്ള അപേക്ഷ തിങ്കളാഴ്ച പോലീസ് കോടതിയിൽ നൽകും. സംഭവദിവസം ഹോട്ടലിൽ സംഭവിച്ചതും വാഹനം രാത്രി സഞ്ചരിക്കുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മെഡിക്കൽ പരിശോധനാ ഫലവും ലഭിച്ചതിന് പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഡോളി സഹായം ചെയ്തുവെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. കൊച്ചി തേവരയിലെ ബാറിൽ ലഹരി വിൽപ്പന നടന്നോ എന്ന കാര്യം അന്വേഷിക്കുന്നുണ്ട്. പ്രതികളെ ലഹരി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 19കാരിയെ മയക്കി കിടത്തിക്കൊണ്ട് പോകാൻ ശ്രമം നടന്നുവെന്ന് സംശയിക്കുന്നതായി കൊച്ചി പോലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലും അന്വേഷണം തുടരുകയാണ്.ബാറിലേക്ക് തന്നെ കൂട്ടിക്കൊണ്ട് പോയത് സുഹൃത്ത് ഡോളിയാണെന്നും തനിക്ക് ബിയറിൽ എന്തോ പൊടി ചേർത്ത് നൽകിയതായി സംശയമുണ്ടെന്നും പെൺകുട്ടി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്.
കാസർകോട് സ്വദേശിനിയായ 19കാരിയെയാണ് കൊച്ചി നഗരത്തിൽ സഞ്ചരിക്കുന്ന വാഹനത്തിനുള്ളിൽവെച്ച് മൂന്ന് പേർ ലൈംഗികമായി പീഡിപ്പിച്ചത്. 45 മിനിറ്റോളമാണ് സഞ്ചരിക്കുന്ന മോഡലിനെ ലൈംഗികമായി പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം മൂവർ സംഘം ഹോട്ടലിൽ ഇറക്കി ഭക്ഷണം വാങ്ങി നൽകി. അവിടെ വെച്ച് പ്രതികരിക്കാൻ ഭയമായിരുന്നുവെന്നും പിന്നെ ബാറിൽ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിക്കുകയായിരുന്നെന്നും പെൺകുട്ടി പറയുന്നു.