മഞ്ഞു വീഴ്ച: യുകെയിൽ ജാഗ്രതാ നിർദേശം, മാഞ്ചസ്റ്റർ വിമാനത്താവളം അടച്ചു


ലണ്ടൻ: സ്‌കോട്ട്‌ലൻഡിലും ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കും പടിഞ്ഞാറും കനത്ത മഞ്ഞു വീഴ്ചയും ഐസ് അടിയലും തുടരുന്നതിനാൽ യുകെയിൽ കടുത്ത ജാഗ്രതാ മുന്നറിയിപ്പുകൾ തുടരുന്നു.  മഞ്ഞുപെയ്ത്തും ഐസ് കട്ടിയാകലും  മൂലമുള്ള  അവസ്ഥകൾ യാത്രാതടസ്സത്തിനു കാരണമാകുന്നുണ്ട്. റൺവേകളിലെ കനത്ത മഞ്ഞുവീഴ്ച കാരണം മാഞ്ചസ്റ്റർ വിമാനത്താവളം കുറച്ചുനേരം അടച്ചിടേണ്ടി വന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് മാഞ്ചസ്റ്റർ വിമാനത്താവളത്തിലെ രണ്ടു റൺവേകളും അടച്ചത്. അപ്രതീക്ഷിത തടസ്സം ഉണ്ടായതോടെ ഡസൻ കണക്കിനു വിമാനങ്ങളുടെ സർവീസിനെ ബാധിച്ചു. യാത്രക്കാരും പരിഭ്രാന്തരായി. എങ്കിലും  രാവിലെ 11:30 ന് ഒരു റൺവേ വീണ്ടും തുറന്നു. 


ശനിയാഴ്ച സ്‌കോട്ട്‌ലൻഡിൽ മഞ്ഞുവീഴ്ചയ്ക്കും വെയിൽസിലും തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലും ഐസ് കാട്ടിയാകലിനും മെറ്റ് ഓഫിസിന്റെ യെല്ലോ ജാഗ്രതാ മുന്നറിയിപ്പ് നിലവിലുണ്ട്. ഞായറാഴ്ച ലണ്ടനിലും സൗത്ത് ഈസ്റ്റിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചില പ്രദേശങ്ങളിൽ -10C വരെ രാത്രി താപനില താഴ്ന്ന നിലയിൽ തുടരുമെന്നു പ്രവചിക്കപ്പെടുന്നു. ആളുകൾ അവരുടെ വീടുകളിലെ ഇൻഡോർ താപനില കുറഞ്ഞത് 18C (64.4F) ആണെന്ന് ഉറപ്പാക്കണമെന്ന് യുകെഎച്ച്എസ്എ ആവശ്യപ്പെടുന്നു. കൂടുതലായി ഉപയോഗിക്കുന്ന സ്വീകരണമുറിയോ കിടപ്പുമുറിയോ പോലെയുള്ളവ കഴിയുമെങ്കിൽ 18 ഡിഗ്രി സെൽഷ്യസെങ്കിലും ചൂടാക്കാൻ ശ്രമിക്കുക, രാത്രിയിൽ കിടപ്പുമുറിയുടെ ജനലുകൾ അടച്ചിടുക തുടങ്ങിയവയാണ് നിർദ്ദേശങ്ങൾ.
M58, M62, M61 എന്നിവയുൾപ്പെടെയുള്ള മോട്ടോർവേകളിലെ അപകടങ്ങളെത്തുടർന്ന് വടക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡ്രൈവർമാരും ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുന്നു. ഡെവണിലെ ബാക്‌സ്‌വർത്തിക്ക് സമീപമുള്ള A39 റോഡിൽ അതിശക്തമായ മഞ്ഞും ഐസുപെയ്ത്തും കാരണം ഗതാഗതം തടഞ്ഞിട്ടുണ്ടെന്ന് ഡെവോൺ കൗണ്ടി കൗൺസിൽ ഹൈവേസ് ആൻഡ് എമർജൻസി പ്ലാനിംഗ് അലേർട്ട് ട്വിറ്റർ പേജിലൂടെ അറിയിച്ചു. തെക്കൻ ഇംഗ്ലണ്ടിലെ സ്ഥലങ്ങളിൽ, ഞായർ, തിങ്കൾ ദിവസങ്ങളിൽ കനത്ത മൂടൽ മഞ്ഞും കാണാൻ കഴിയുമെന്നും മുന്നറിയിപ്പുണ്ട്.

⚠️മെറ്റ് ഓഫിസിന്റെ നാല് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പുകളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:

📌•ഞായറാഴ്ച 12:00 വരെ വടക്കൻ, മധ്യ സ്കോട്ട്ലൻഡിന്റെ ചില ഭാഗങ്ങളിൽ മഞ്ഞും ഐസും 

📌•ഞായറാഴ്ച 12:00 വരെ ഇംഗ്ലണ്ടിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും വടക്കൻ അയർലണ്ടിന്റെ ചില ഭാഗങ്ങളിലും തെക്ക്-പടിഞ്ഞാറൻ സ്കോട്ട്ലൻഡിലും വെയിൽസിലും മഞ്ഞ്

📌•ശനിയാഴ്ച 15:00 മുതൽ ഞായറാഴ്ച 12:00 വരെ വടക്കൻ, മധ്യ, കിഴക്കൻ സ്കോട്ട്ലൻഡിലുടനീളം മഞ്ഞും ഐസും 
📌•ഞായറാഴ്ച 09:00 മുതൽ തിങ്കളാഴ്ച 09:00 വരെ ലണ്ടൻ, സൗത്ത് ഈസ്റ്റ്, ഇംഗ്ലണ്ടിന്റെ കിഴക്ക് എന്നിവിടങ്ങളിൽ മഞ്ഞും ഐസും.
Previous Post Next Post