കോട്ടയം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു. മണര്‍കാട് നാലുമണിക്കാറ്റ് റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ നെടുംകുന്നം അരുണിപ്പാറ സ്വദേശി കടൂര്‍ വീട്ടില്‍ ഗോപിനാഥന്‍ നായരുടെ മകന്‍ പ്രദീപ്കുമാറാണ് (45) മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഉണ്ടായ അപകടത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പിന്നില്‍ നിന്നെത്തിയ കാര്‍, പ്രദീപിനെ ഇടിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. തലയ്ക്കും വാരിയെല്ലുകള്‍ക്കും ആന്തരീകാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നതിനാല്‍ പ്രദീപിന്റെ നില അതീവ ഗുരുതരമായിരുന്നു.
കോട്ടയത്ത് ആര്‍പ്പൂക്കരയിലെ സ്വകാര്യ അരി മില്ല് ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന പ്രദീപ് രാവിലെ ജോലി സ്ഥലത്തേക്ക് പോകും വഴിയായിരുന്നു സംഭവം. പ്രദീപിനെ ഇടിച്ചിട്ട സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ മണര്‍കാട് പോലീസ് പിന്നീട് കണ്ടെത്തിയിരുന്നു.