✒️ സ്വന്തം ലേഖകൻ
കോട്ടയം : കാലിത്തീറ്റയില്‍ ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം ജില്ലയിലെ വിവിധയിടങ്ങളില്‍ അറുപതോളം പശുക്കള്‍ക്ക് രോഗം ബാധിച്ചു. ഇത് ക്ഷീര കര്‍ഷകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ക്ഷീരസംഘങ്ങള്‍ വഴി വിതരണം ചെയ്ത കെ.എസ്. കമ്പനിയുടെ കാലിത്തീറ്റ നല്കിയ പശുക്കള്‍ക്കാണ് വിഷബാധയേറ്റതെന്ന് വിവിധ ക്ഷീരസംഘം ഭാരവാഹികള്‍ പറഞ്ഞു. പാമ്പാടി, ചമ്പക്കര, പരുത്തിമൂട്, വാഴൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ പശുക്കള്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിര്‍ത്താതെയുള്ള വയറിളക്കവും പനിയും, കടുത്ത ക്ഷീണവും തീറ്റയെടുക്കാതെയിരിക്കുന്നതുമാണ് ലക്ഷണങ്ങള്‍. പാല്‍ ഉല്പാദനം പൂര്‍ണ്ണമായും നിന്നു പോകുന്നു.
കറുകച്ചാല്‍ ചമ്പക്കര ക്ഷീരസംഘത്തിന്റെ പ്രസിഡന്റ് ജോജോ ജോസഫിന്റെ 30 കറവ പശുക്കള്‍ക്ക് രോഗം ബാധിച്ചു. 250 ലിറ്റര്‍ ദിവസേന പാല്‍ ലഭിച്ചിരുന്നത് 100ല്‍ താഴെയായി.
പാമ്പാടി ഓര്‍വയല്‍ ക്ഷീരസംഘത്തിലെ 28 കര്‍ഷകരുടെ 30 പശുക്കള്‍ക്ക് രോഗം ബാധിച്ചെന്ന് സംഘം പ്രസിഡന്റ് സജികുമാര്‍ പറഞ്ഞു.
കര്‍ഷകര്‍ക്കുണ്ടായ ഭീമമായ നഷ്ടം നികത്തുന്നതിനുള്ള നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാലിത്തീറ്റ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് വാഴൂര്‍ ബ്ലോക്ക് മില്‍ക്ക് സൊസൈറ്റി അസോസിയേഷന്‍ പ്രസിഡന്റ് ജോജിമോന്‍ പരുത്തിമൂട്, സെക്രട്ടറി വി.എന്‍. മനോജ് കൊടുങ്ങൂര്‍ , കർഷക കോൺഗ്രസ് ക്ഷീരസെൽ ജില്ലാ ചെയർമാൻ എബി ഐപ്പ് എന്നിവര്‍ ആവശ്യപ്പെട്ടു.