രാജാക്കാട് : വരയാടിനെ കൊമ്പില്‍ പിടിച്ചുനിര്‍ത്തി ഫോട്ടോയെടുത്ത വൈദികനെയും സുഹൃത്തിനെയും തമിഴ്നാട് വനപാലകര്‍ അറസ്റ്റ് ചെയ്തു. രാജാക്കാട് എന്‍ആര്‍സിറ്റി സെന്റ്മേരീസ് പള്ളിവികാരി ഫാ. ഷെല്‍ട്ടണ്‍ അപ്പോഴിപറമ്പില്‍, സുഹൃത്ത് ജോബി എബ്രഹാം എന്നിവരാണ് പിടിയിലായത്.
5ന് വൈകിട്ടാണ് സംഭവം. വൈദികനും സുഹൃത്തുക്കളും ചേര്‍ന്ന് പൊള്ളാച്ചിയില്‍ നിന്ന് വാല്‍പ്പാറയിലേക്ക് പോകുന്നതിനിടെ റോഡില്‍ നിന്ന വരയാടിന്റെ കൊമ്പില്‍ ബലമായി പിടിച്ചുനിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു. ഈ ചിത്രം മറ്റൊരാള്‍ പകര്‍ത്തി തമിഴ്നാട്ടിലെ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.
എന്നാല്‍ വൈദികനും സംഘവും കഴിഞ്ഞ ആറിന് തിരിച്ചെത്തി.
സംഭവം വിവാദമായ കാര്യം ഇവര്‍ അറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിഞ്ഞാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. പൊള്ളാച്ചി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാജാക്കാട് സ്റ്റേഷനിലെത്തി പോലീസിന്റെ സഹായത്തോടെ ഇരുവരെയും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയായിരുന്നു.
തമിഴ്നാടിന്റെ സംസ്ഥാന മൃഗമായ വരയാട് വന്യമൃഗ സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ടതാണ്.
1972ലെ വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 27, 27(4), 28, 29 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോയമ്പത്തൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പൊള്ളാച്ചി ജയിലില്‍ റിമാന്‍ഡ് ചെയ്തു.