ചെന്നൈ : തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് കൂട്ടബലാത്സംഗത്തിനിരയായത് മലയാളി വിദ്യാര്ഥിനി. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കാഞ്ചീപുരം സെവിലിമേടില്വെച്ച് മലയാളി പെൺകുട്ടിയെ ആറംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്.
കേസിൽ പ്രതികളായ ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയും ആൺസുഹൃത്തും സംസാരിച്ചു നില്ക്കുന്നതിനിടെ രണ്ടുപേരാണ് ആദ്യം സ്ഥലത്തെത്തിയത്. തുടർന്ന് ഇവർ ആൺസുഹൃത്തിനെ മർദിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി പെൺകുട്ടിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നു.
പിന്നീട് സംഘത്തിലെ നാലുപേർ കൂടി സ്ഥലത്തെത്തി പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി. സംഭവത്തിനുശേഷം പെൺകുട്ടിയും ആൺസുഹൃത്തും നേരിട്ട് പോലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്കിയത്.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോഴും ചികിത്സയിലാണ്.
കേസിൽ പ്രതികളായ അഞ്ചുപേരെയും കഴിഞ്ഞദിവസം
തന്നെ പോലീസ് പിടികൂടിയിരുന്നു. കാഞ്ചീപുരം പെരുമ്പത്തൂർ സ്വദേശികളായ മണികണ്ഠൻ, വിമൽ, ശിവകുമാർ,, തെന്നരശ്, വിഘ്‌നേഷ് എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ആറാമത്തെ പ്രതിയെ ഇന്ന് രാവിലെയും പിടികൂടി.
കസ്റ്റഡിയിലെടുക്കാൻഎത്തിയ പോലീസ് സംഘത്തിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് വീണ് പരിക്കേറ്റതായി പോലീസ് പറഞ്ഞു. പ്രതികളുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിട്ടുള്ളത്.