കായിക മന്ത്രിയുടേത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരം, ഇന്നലെ സ്റ്റേഡിയത്തിൽ കണ്ടത് കേരള ജനതയുടെ പ്രതികരണം- വി ഡി. സതീശൻ

 കോഴിക്കോട് : പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട എന്ന കായികമന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനയിലുള്ളത് അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

 കേരളത്തിന്റെ മനഃസാക്ഷിയെ വെല്ലുവിളിക്കുന്ന മന്ത്രിയുടെ പ്രഖ്യാപനത്തോടുള്ള കേരള ജനതയുടെ പ്രതികരണമാണ് ഇന്നലെ സ്റ്റേഡിയത്തിൽ കണ്ടതെന്നും, കളി കാണാൻ ആളു കുറഞ്ഞതിനെ പരാമർശിച്ച് സതീശൻ ചൂണ്ടിക്കാട്ടി. വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ മന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘കേരളത്തില്‍ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരം വന്‍വിജയമാക്കി തീര്‍ക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതായിരുന്നു. 

രാജ്യാന്തര മത്സരം നന്നായി നടത്തിയാല്‍ കൂടുതല്‍ മത്സരങ്ങള്‍ ലഭിക്കുകയും അതിലൂടെ കായിക മേഖലയ്ക്ക് മാത്രമല്ല, സമ്പദ് വ്യവസ്ഥയ്ക്കും ഗുണമുണ്ടാവുകയും ചെയ്യുമായിരുന്നു. എന്നാല്‍ പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്നാണ് കായികമന്ത്രി പ്രഖ്യാപിച്ചത്. കേരള രാഷ്ട്രീയത്തിന്റെ വരാന്തയില്‍ കയറി നിന്നിട്ടുള്ള ആരെങ്കിലും ഇങ്ങനെയൊരു പ്രസ്താവന നടത്തുമോ? അഹങ്കാരത്തിന്റെയും ധിക്കാരത്തിന്റെയും സ്വരത്തിലാണ് മന്ത്രി സംസാരിച്ചത്.

 കേരളത്തിന്റെ മനഃസാക്ഷിയെ വെല്ലുവിളിക്കുന്ന മന്ത്രിയുടെ പ്രഖ്യാപനത്തോടുള്ള കേരള ജനതയുടെ പ്രതികരണമാണ് ഇപ്പോള്‍ കണ്ടത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ മന്ത്രി തയാറാകണം. പട്ടിണി കിടക്കുന്ന പാവങ്ങളോട് പുച്ഛത്തോടെ പെരുമാറിയ മന്ത്രി ആ സ്ഥാനത്ത് തുടരാന്‍ പാടില്ല.

 അധികാരത്തിന്റെ അഹങ്കാരം ഉച്ചസ്ഥായിയില്‍ നില്‍ക്കുന്നതു കൊണ്ടാണ് ഇത്തരമൊരു പ്രതികരണമുണ്ടായത്’’ – സതീശൻ പറഞ്ഞു
أحدث أقدم