മാന്‍കൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജിലന്‍സ് പിടിയിൽ.



 തൊടുപുഴ : വീട്ടില്‍ നിന്നും മാന്‍കൊമ്പ് കണ്ടെടുത്ത കേസ് ലഘൂകരിക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വിജിലന്‍സ് പിടിയിൽ.

തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ലിബിന്‍ ജോണി നെയാണ് വിജിലന്‍സ് സംഘം ക്വാര്‍ട്ടേഴ്‌സില്‍ വെച്ച്‌ കൈക്കൂലി വാങ്ങവേ അറസ്റ്റ് ചെയ്തത്. പരാതിക്കാരന്റെ വീട്ടില്‍ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി തൊടുപുഴ പോലീസ് നടത്തിയ റെയ്ഡില്‍ മാന്‍കൊമ്ബിന്റെ കഷണം കണ്ടെത്തിയിരുന്നു. 

ഇത് ഫോറസ്റ്റിന് കൈമാറിയതിന് പിന്നാലെ തൊടുപുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ പരാതിക്കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 

ഈ കേസ് ലഘൂകരിച്ച്‌ നല്‍കാമെന്നും അറസ്റ്റ് ഒഴിവാക്കാമെന്നും അതിനായി ഒരു ലക്ഷം രൂപയും മദ്യവും വേണമെന്നും റേഞ്ച് ഓഫീസര്‍ ആവശ്യപ്പെട്ടു. 

മദ്യം മുട്ടത്തുള്ള റേഞ്ച് ഓഫീസറുടെ ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചു നല്‍കിയപ്പോള്‍ ഒരു ലക്ഷം രൂപ കൂടി ഉടന്‍ നല്‍കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.

 കൈക്കൂലി തുക കുറച്ചു നല്‍കാമോ എന്ന് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപ തന്നെ വേണമെന്ന് റേഞ്ച് ഓഫീസര്‍ നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയും പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
Previous Post Next Post