കോഴിക്കോട് :വെള്ളിപറമ്പ് തലാഞ്ചേരി വീട്ടില്‍ പി.ടി. ഉണ്ണിമാധവന്‍ നായര്‍ (86) അന്തരിച്ചു. ജന്മഭൂമിയുടെ കോഴിക്കോട്ടെ ആദ്യ ലേഖകനായിരുന്നു. ഏറെ നാളായി ചികിത്സയിലായ അദ്ദേഹം ഇന്ന് ഉച്ചതിരിഞ്ഞാണ് അന്തരിച്ചത്. സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10ന് വീട്ടുവളപ്പിൽ.
കോഴിക്കോട് വെള്ളിപറമ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തറവാടായ തലാഞ്ചേരിയില്‍ നിന്ന് ജനസംഘത്തില്‍ ആകൃഷ്ടടനായ ഉണ്ണിമാധവന്‍ ആ പ്രദേശത്തെ സംഘ പ്രസ്ഥാനങ്ങളുടെയും ജനസംഘം-ബിജെപിയുടെ പ്രധാന പ്രവര്‍ത്തകനുമായി.
കോഴിക്കോട് ജനസംഘം ഓഫീസിലെ ആദ്യകാല ചുമതലക്കാരില്‍ ഒരാളായിരുന്നു. ജന്മഭൂമിയുടെ കോഴിക്കോട്ടെ ആദ്യ ലേഖകനായിരുന്നു. ഇടക്കാലത്ത് തിരുവനന്തപുരം ബ്യൂറോയിലും പ്രവർത്തിച്ചു. ദീര്‍ഘനാളത്തെ സേവനത്തിനു ശേഷം വിരമിച്ചു.
കോഴിക്കോട് പ്രസ്‌ക്ലബ്ബിന്റെ ട്രഷറര്‍ (1989-90) ആയിട്ടുണ്ട്.
സീനിയര്‍ ജേണലിസ്റ്റ്് യൂണിയന്‍ പഴയകാല പത്രപ്രവര്‍ത്തകനായ കെ.കെ. മേനോന്റെ പേരിലേര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ്, വിജില്‍ ഹ്യൂമൻറൈറ്റ്സ് മനുഷ്യാവകാശ സംഘടനയുടെ പത്രപ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
ജനസംഘത്തിന്റെ സംസ്ഥാന ഓഫീസ് സെക്രട്ടറിയായും ചുമതല വഹിച്ചിട്ടുണ്ട്.
പരേതയായ സതീദേവിയാണ് ഭാര്യ.
വിമോചന സമരം, മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരം, കെ.ജി. മാരാരുടെ നേതൃത്വത്തില്‍ നടന്ന വാളയാര്‍ ചെക്‌പോസ്റ്റ് സമരം എന്നിവിടങ്ങളില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചിട്ടുണ്ട്.