സിപിഐഎം ജാഥയില്‍ പങ്കെടുക്കാതെ ഇ പി ജയരാജന്‍; അതൃപ്തിയെന്ന് സൂചന, പങ്കെടുക്കുമെന്ന് മറുപടി


കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരില്‍ പര്യടനം തുടരവേ വിട്ട് നിന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കണ്ണൂരിലെ ജാഥാ കേന്ദ്രങ്ങളിലൊന്നും തന്നെ ഇ പി ജയരാജന്‍ ഇതുവരേയും എത്തിയിട്ടില്ല. യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ നിന്നും ഇ പി വിട്ടുനിന്നിരുന്നു.അതേസമയം പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നേരത്തെ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കാനുള്ളതിനാലാണ് യാത്രയുടെ ഭാഗമാകാത്തതെന്നാണ് ഇ പി ജയരാജന്റെ മറുപടി. വരും ദിവസങ്ങളില്‍ മറ്റ് ജില്ലകളില്‍ നടക്കുന്ന യാത്രയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു
താന്‍ ജാഥയുടെ സ്ഥിരാംഗമല്ല. നേരത്തെ തീരുമാനിച്ച പരിപാടികളില്‍ പങ്കെടുക്കുകയാണ്. കണ്ണൂരില്‍ പങ്കെടുക്കാത്തതിന് മറ്റ് കാരണങ്ങളില്ല.' ഇപി ജയരാജന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.ഇപിയുടെ അഭാവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ വരും ദിവസങ്ങളില്‍ പങ്കെടുക്കുമെന്നാണ് എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. ഇ പി ജയരാജന് ജാഥയില്‍ നിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യമില്ലെന്നും എംവി ഗോവിന്ദന്‍ വിശദീകരിച്ചു.
യാത്ര ഇന്ന് രാവിലെ 10ന് പിണറായില്‍ എത്തുന്ന ജാഥ 11ന് തലശേരി, വൈകിട്ട് മൂന്ന് മണിക്ക് ഇരിട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വയനാട് ജില്ലയിലേക്ക് പ്രവേശിക്കും. മൂന്ന് മണിക്ക് മാനന്തവാടിയിലാണ് ജില്ലയിലെ ആദ്യ സ്വീകരണം. വൈകുന്നേരം അഞ്ചിന് സുല്‍ത്താന്‍ ബത്തേരിയിലും, ആറിന് കല്‍പറ്റയിലും സമാപനവുമുണ്ടാകും. ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസ് ചര്‍ച്ച യുഡിഎഫിന്റെ തിരക്കഥയെന്ന വാദം ഉയര്‍ത്തി, രാഷ്ട്രീയ ചര്‍ച്ചകള്‍ ഈ വിവാദത്തിലേക്ക് കേന്ദ്രീകരിക്കാനാണ് ശ്രമം.




Previous Post Next Post