ന്യൂഡല്‍ഹി : നീണ്ട 79 വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ ആദ്യമായി ചീറ്റ കുഞ്ഞുങ്ങള്‍ പിറന്നു. നമീബിയയില്‍ നിന്ന് കഴിഞ്ഞ സെപ്്റ്റംബറില്‍ മധ്യപ്രദേശിലെ കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ച സിയ എന്ന ചീറ്റയാണ് 4 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ആണ് ട്വിറ്ററിലൂടെ ചീറ്റക്കുഞ്ഞുങ്ങളുടെ ദൃശ്യം പങ്കുവച്ചത്.
സെപ്റ്റംബറിലാണ് ആദ്യമായി ഇന്ത്യയില്‍ ചീറ്റകളെ എത്തിച്ചത്. 5 പെണ്‍ചീറ്റകളെയും 3 ആണ്‍ചീറ്റകളെയുമാണു നമീബിയയില്‍നിന്ന് പ്രത്യേക പദ്ധതി പ്രകാരം ഇന്ത്യയില്‍ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവയെ തുറന്നുവിട്ടത്.
ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് രണ്ടാം സംഘത്തെ ഇന്ത്യയില്‍ എത്തിച്ചത്. ഫെബ്രുവരി 18നാണ് 12 ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. 7 ആണും 5 പെണ്ണുമടങ്ങുന്ന സംഘത്തെ ദക്ഷിണാഫ്രിക്കയിലെ ഗൗടെങ് വിമാനത്താവളത്തില്‍നിന്ന് വ്യോമസേനയുടെ ചരക്കുവിമാനത്തില്‍ ഗ്വാളിയറില്‍ എത്തിച്ചശേഷം അവിടെനിന്ന് ഹെലികോപ്റ്ററില്‍ ഉച്ചയോടെ കുനോയില്‍ എത്തിക്കുകയായിരുന്നു.