ഓപ്പറേഷന്‍ അരിക്കൊമ്പന്‍ ഉടന്‍ തുടങ്ങും ; "അരിയിൽ " കുടുക്കാന്‍ ഒരുങ്ങി വനംവകുപ്പ്

✒️ ഹരികുമാർ

 ഇടുക്കി : ജില്ലയിലെ ചിന്നക്കനാല്‍, ശാന്തമ്പാറ മേഖലയില്‍ സ്ഥിരം ശല്യക്കാരനായി വിലസുന്ന കാട്ടാനയായ അരിക്കൊമ്പനെ കുടുക്കാന്‍ റേഷന്‍ കടയക്ക് സമാനമായ സാഹചര്യങ്ങള്‍ ഒരുക്കാനൊരുങ്ങി വനംവകുപ്പ്.

പതിവായി റേഷന്‍ കടകളും വീടും ആക്രമിച്ച അരി ആഹാരമാക്കുന്നതിനാല്‍ നാട്ടുകാര്‍ നല്‍കിയ പേരാണ് അരിക്കൊമ്പന്‍ എന്നത്.

ആനയുടെ ഈ ഇഷ്ടം മനസിലാക്കി അരിയെത്തിച്ച് പിടികൂടാന്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി കെണിയൊരുക്കാനാണ് പദ്ധതി തയാറാക്കുന്നത്.

 ചിന്നക്കനാല്‍ സിമന്റ് പാലത്തിന് സമീപം മുന്‍പ് അരികൊമ്പന്‍ തകര്‍ത്ത ഒരു വീട്ടിലാണ് താത്കാലിക റേഷന്‍ കട ഒരുക്കുക. ഇവിടെ അരിയും അനുബന്ധ സാധനങ്ങളും സൂക്ഷിയ്ക്കും. ഭക്ഷണം പാകം ചെയ്യുന്നത് ഉള്‍പ്പടെ നടത്തും.

ആള്‍ത്താമസം ഉണ്ടെന്ന് തോന്നിയ്ക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ച് ആനയെ ഇവിടേയ്ക്ക് ആകര്‍ഷിയ്ക്കാനാണ് പദ്ധതി. സിമന്റ് പാലത്ത്, കെണി ഒരുക്കുന്ന വീടിനോട് ചേര്‍ന്നുള്ള കുറ്റിക്കാടുകള്‍ വെട്ടി നീക്കി. വരും ദിവസങ്ങളില്‍ അടുപ്പ് കൂട്ടി, അരി പാകം ചെയ്യുന്നതടക്കമുള്ള നടപടികള്‍ സ്വീകരിയ്ക്കും.

ഇവിടേക്ക് എത്തുന്ന അരികൊമ്പനെ മയക്കുവെടി വെച്ച ശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടാനാവുമെന്നാണ് വനംവകുപ്പ് കരുതുന്നത്. 

ഇതിന്റെ ഭാഗമായി വിക്രം എന്ന കുങ്കിയാനയെ ഇന്ന് പുലര്‍ച്ചയോടെ ചിന്നക്കനാലില്‍ എത്തിയ്ക്കും. മുത്തങ്ങയിലെ ആനപന്തിയില്‍ നിന്നാണ് ഇന്നലെ ഉച്ചയോടെയാണ് സംഘം പുറപ്പെട്ടത്.  

ആകെ നാല് കുങ്കിയാനകളെയാണ് അരികൊമ്പനെ പിടികൂടുന്നതിനായി കൊണ്ടുവരുന്നത്.
ആനയെ ആകര്‍ഷിയ്ക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ, പ്രത്യേക സേനയെത്തി നടപടികള്‍ ആരംഭിയ്ക്കും. ബാക്കി ആനകളേയും വരും ദിവസങ്ങളില്‍ സ്ഥലത്തെത്തിക്കും.

 സൂര്യന്‍ എന്ന ആയാനയാകും അടുത്തതായി എത്തുക. പിന്നാലെ കുഞ്ചു, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളും എത്തും. ഇതിന് ശേഷം ഈ വാരം അവസാനത്തോടെ അരിക്കൊമ്പനെ പിടികൂടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

വയനാട്ടില്‍ നിന്ന് ചീഫ് വെറ്ററിനറി സര്‍ജര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ 26 അംഗ പ്രത്യേക സംഘവും ആനകള്‍ക്കൊപ്പം സ്ഥലത്തെത്തും. പ്രാദേശികമായുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരേയും ചേര്‍ത്ത് എട്ട് ടീമുകളായി തിരിഞ്ഞാവും പദ്ധതി നടപ്പിലാക്കുക. 

വനം വകുപ്പിനൊപ്പം പോലീസ്, ഫയര്‍ഫോര്‍ഴ്സ്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണവും ഏകോപിപ്പിയ്ക്കും.
നേരത്തെ എറണാകുളം കോടനാടുള്ള അഭയാരണ്യത്തില്‍ ആനക്കായി പ്രത്യേകം കൂട് തയ്യാറാക്കുന്ന ജോലികളും പൂര്‍ത്തിയാക്കിയിരുന്നു. 

2018ല്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ അരിക്കൊമ്പനെ പിടികൂടാനായി മൂന്ന് തവണ മയക്കുവെടി ഉതിര്‍ത്തെങ്കിലും ആന മയങ്ങാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ചിരുന്നു. നല്ല ആരോഗ്യവും തടി മിടുക്കുമുള്ള അരിക്കൊമ്പനെ പിടികൂടുക അത്ര എളുപ്പമാകില്ല എന്നാണ് വനംവകുപ്പും കരുതുന്നത്. ഇതിനാല്‍ തന്നെ യാതൊരു പാകപിഴയും ഉണ്ടാകാതെ 144 അടക്കം മേഖലയില്‍ പ്രഖ്യാപിച്ചാകും നടപടികളിലേക്ക് കടക്കുക. 

ഇന്ന് സംസ്ഥാനത്തുള്ളതില്‍ വച്ച് ഏറ്റവും വലിപ്പമേറിയ ആന കൂടിയാണ് അരിക്കൊമ്പന്‍. ഇതിന് കാരണം ആനയുടെ ഈ ആഹാര രീതി തന്നെയാണ്. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു ആനപിടിത്തം തന്നെ അരങ്ങേറുന്നത്.



Previous Post Next Post