ബിഷപ്പിന്റെ പ്രസ്താവന മാറ്റത്തിന്റെ സൂചന; ഇനി കേരളത്തിന് അത്താണി മോദി സർക്കാർ മാത്രം: കെ. സുരേന്ദ്രൻ



 കൊച്ചി : റബർവില കൂട്ടിയാൽ ബിജെപിക്കു വോട്ടു ചെയ്യാമെന്ന തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മാറ്റത്തിന്റെ സൂചനയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. കർഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങൾ നേടിയ കോൺഗ്രസ്, സിപിഎം മുന്നണികൾ കർഷകരെ വഞ്ചിച്ചു. നരേന്ദ്രമോദി സർക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചതെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

 മോദിസർക്കാർ ഘട്ടംഘട്ടമായി റബർവില കൂട്ടുകയാണ്. എന്നാൽ, യുപിഎ സർക്കാർ റബർ കർഷകർക്കു വേണ്ടി ഒന്നും ചെയ്തില്ല. 

കേന്ദ്ര സർക്കാർ കർഷകർക്ക് ഗുണമുണ്ടാകുന്ന നിലപാട് ശക്തിപ്പെടുത്തും. അതിനായി കേന്ദ്ര സർക്കാരിനെ സമീപിക്കും. കേരളത്തിലെ എല്ലാ വിഭാഗങ്ങൾക്കും അത്താണി മോദി സർക്കാർ മാത്രമാണ്. മോദിയെ പിന്തുണയ്ക്കുന്ന സർക്കാർ കേരളത്തിലും വരണം. എന്നാൽ മാത്രമേ കേരളത്തിലുള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ വികസനം പൂർണ്ണമായും ലഭ്യമാവുകയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിഷപ്പിന്റെ പ്രസ്താവനയോടുള്ള ഗോവിന്ദന്റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണ്. കർഷകർക്കൊപ്പം നിൽക്കുന്നതിനു പകരം അസഹിഷ്ണുത കാണിക്കുകയാണ് ഗോവിന്ദനെന്നും സുരേന്ദ്രൻ വിമർശിച്ചു.

 കേരളത്തിലും എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകൾ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണ്. ഇതു മനസിലാക്കി തെറ്റായ പ്രചരണം നടത്തുകയാണ് ഇടതുപക്ഷവും കോൺഗ്രസും. ഇത് കേരളത്തിലെ ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞതു നല്ല കാര്യമാണ്. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിൽ വിശ്വാസി സമൂഹം സന്തുഷ്ടരാണ്. 

വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലും പ്രതിഫലിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Previous Post Next Post