മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് ഇന്ന് മുതൽ റംസാന്‍ വ്രതാരംഭം



ഇനിയുള്ള ഒരു മാസം ഇസ്ലം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങള്‍. ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനിയുള്ള ഒരുമാസം. പരിശുദ്ധിയുടേയും മതസൗഹാര്‍ദത്തിന്റെയും കൂടിച്ചേരലുകളുടെയും കാലം കൂടിയാണ് ഇനിയുള്ള മുപ്പത് ദിനങ്ങള്‍.

ഗള്‍ഫ് രാജ്യങ്ങളിലും ഇക്കുറി വ്യാഴാഴ്ചയാണ് റമദാൻ മാസം ആരംഭിക്കുക. ഇന്നലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളാണ് വ്യാഴാഴ്ച റമദാന്‍ നോമ്പിന് തുടക്കമാകുമെന്ന് അറിയിച്ചത്.

ഒമാന്‍ ഇക്കാര്യത്തിൽ ഇന്നലെ അറിയിപ്പ് ഒന്നും നൽകിയിരുന്നില്ല. ഒമാന്‍റെ കാര്യത്തിലും അധികം താമസിക്കാതെ തീരുമാനം ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ചൊവ്വാഴ്ച സൗദി അറേബ്യയില്‍ എവിടെയും റമദാൻ മാസപ്പിറവി ദൃശ്യമാകാത്തതുകൊണ്ട് റമദാൻ വ്രതാരംഭം വ്യാഴാഴ്ച ആയിരിക്കുമെന്ന് തുമൈര്‍, സുദൈര്‍ എന്നീ പ്രധാന നിരീക്ഷണ കേന്ദ്രങ്ങളിലെ മാസപ്പിറവി സമിതിയാണ് അറിയിപ്പ് പുറത്തിറക്കിയത്. റമദാന് മുൻപുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് വ്യാഴാഴ്ച റമദാന്‍ മാസാരംഭം കുറിക്കുക.
Previous Post Next Post