പ്രക്ഷോഭം കടുപ്പിച്ച് കോണ്‍ഗ്രസ്; ഒരു മാസം നീളുന്ന ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം


 
 ന്യൂഡല്‍ഹി : രാഹുല്‍ഗാന്ധിക്കെതിരായ അയോഗ്യതാ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം ശക്തമാക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം കുറിക്കും.

 അടുത്ത മാസം മുപ്പത് വരെയാണ് രാജ്യവ്യാപകമായ സത്യഗ്രഹം. ബ്ലോക്ക്, മണ്ഡലം തലങ്ങള്‍ മുതല്‍ ജില്ലാ സംസ്ഥാന തലങ്ങളില്‍ വരെ വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

ദേശീയ തലത്തിലെ സത്യഗ്രഹം ഏപ്രില്‍ എട്ടിന് സമാപിക്കും. തുടര്‍ന്ന് ഏപ്രില്‍ 15 മുതല്‍ 20 വരെ ജില്ലാതലത്തിലും ഏപ്രില്‍ 20 മുതല്‍ 30 വരെ സംസ്ഥാന തലത്തിലും സത്യഗ്രഹം നടത്തും. ജില്ലാ ആസ്ഥാനത്ത് നടത്തുന്ന സത്യഗ്രഹത്തില്‍ കളക്ടറേറ്റ് ഘൊരാവോ ചെയ്യാനും ആഹ്വാനം നല്‍കിയിട്ടുണ്ട്.

 സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടികളെ ക്ഷണിക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സംസ്ഥാന തലത്തിലെ സത്യഗ്രഹത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഒരുദിവസം നിരാഹാരമിരിക്കും. ഇതിലും മറ്റ് പാര്‍ട്ടികള്‍ക്ക് ക്ഷണമുണ്ടാവും. പ്രധാന നേതാക്കള്‍ പങ്കെടുക്കുന്ന തെരുവുയോഗങ്ങളും നടത്തും. സാമൂഹ്യ മാധ്യമങ്ങളിലും രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. രാവിലെ പത്തരയ്ക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ച യോഗം നടക്കും.


Previous Post Next Post